ജിയാ ഖാൻ ആത്മഹത്യ കേസ്: നടന്‍ സൂരജ് പഞ്ചോളിയെ വെറുതെ വിട്ട് കോടതി
ജിയാ ഖാൻ ആത്മഹത്യ ചെയ്ത കേസില്‍ നടൻ സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു. പ്രത്യേക സിബിഐ കോടതിയാണ് താരത്തെ കുറ്റവിമുക്തനാക്കിയത്. ആത്മഹത്യാ പ്രേരണക്കുറ്റമായിരുന്നു സൂരജിന് മേൽ ചുമത്തിയിരുന്നത്. എന്നാല്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിക്കാത്തതിനെ തുടർന്ന് സൂരജ് പഞ്ചോളിയെ വെറുതെ വിടുകയായിരുന്നു. ജിയ ഖാന്‍ ആത്മഹത്യ ചെയ്ത് പത്ത് വർഷത്തിന് ശേഷമാണ് കോടതി കേസില്‍ വിധി പറയുന്നത്.
"തെളിവുകളുടെ അപര്യാപ്തത കാരണം, ഈ കോടതിക്ക് നിങ്ങളെ (സൂരജ് പഞ്ചോളി) കുറ്റക്കാരനാണെന്ന് കാണാൻ കഴിയില്ല, അതിനാൽ കുറ്റവിമുക്തനാക്കി," മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിലെ ജഡ്ജി എ എസ് സയ്യിദ് പറഞ്ഞു. അമിതാഭ് ബച്ചനൊപ്പം നിശബ്ദ എന്ന ചിത്രത്തില്‍ ഉള്‍പ്പടെ അഭിനയിച്ചതിലൂടെ പ്രശസ്തയായ ജിയയെ 2013 ജൂൺ 3 ന് മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ തുടക്കം മുതല്‍ തന്നെ കുടുംബം സംശയം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം കണ്ടെടുത്ത, അവൾ എഴുതിയതെന്ന് കരുതപ്പെടുന്ന ഒരു കത്തിന്റെ അടിസ്ഥാനത്തിൽ, മുംബൈ പോലീസ് സൂരജ് പഞ്ചോളിക്കെതിരെ സെക്ഷൻ 306 (ആത്മഹത്യ പ്രേരണ) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. കത്തിൽ സൂരജുമായുള്ള തന്റെ പ്രശ്‌നകരമായ ബന്ധത്തെ കുറിച്ചും അയാൾ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ജിയ ഖാന്‍ എഴുതിയിരുന്നു.
ആദ്യം സൂരജിന്റെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളിയെങ്കിലും 50,000 രൂപയുടെ ഉറപ്പില്‍ ഒപ്പിട്ടതിന് ശേഷം 2013 ജൂലൈ 1 നാണ് ജാമ്യം ലഭിച്ചത്. ജൂലൈ 2 ന് കോടതി സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി വിധിക്കെതിരെ ജിയ ഖാന്റെ അമ്മ റാബിയ ഖാൻ സമഗ്രവും വിശദവുമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ജിയാ ഖാന്റെ മരണത്തിന് ഏകദേശം ഒരു വർഷത്തിന് ശേഷം, ബോംബെ ഹൈക്കോടതി കേസ് മുംബൈ പോലീസിൽ നിന്ന് സി ബി ഐയിലേക്ക് മാറ്റുകയും ചെയ്തു.
പ്രത്യേക സി ബി ഐ കോടതിക്ക് മുമ്പാകെ നൽകിയ മൊഴിയിൽ, തന്റെ മകളെ കാമുകൻ സൂരജ് പഞ്ചോളി കൊലപ്പെടുത്തിയതാണെന്ന വാദമായിരുന്നു റാബിയ ഖാൻ ആവർത്തിച്ചത്. മകൾ വിഷാദരോഗിയാണെന്നും ജിയാ ഖാന്റെ അമ്മയും പറഞ്ഞിരുന്നു. കേസ് സിബിഐക്ക് കൈമാറിയതിന് പിന്നാലെ സൂരജിന്റെ പിതാവും നടനുമായ ആദിത്യ പഞ്ചോളി റാബിയ ഖാനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തു.
സിബിഐ നടത്തിയ അന്വേഷണത്തിലെ പിഴവുകൾ ആരോപിച്ച് ഒമ്പത് വർഷം പഴക്കമുള്ള കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം റാബിയ ബോംബെ ഹൈക്കോടതിയിൽ പുതിയ അപ്പീൽ നൽകിയിരുന്നു. എന്നാൽ റാബിയ സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. തന്റെ മകൾ കൊല്ലപ്പെട്ടതാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായത്തോടെ ഒരു സ്വതന്ത്ര പ്രത്യേക ഏജൻസിയെക്കൊണ്ട് പുതിയ അന്വേഷണം നടത്തണമെന്നുമായിരുന്നു റാബിയ തന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications