ജിയോ എയർഫൈബർ വരുന്നു: ഇന്‍ഷൂറന്‍സ്, മ്യൂച്ചല്‍ ഫണ്ട് ബിസിനസുകളും ആരംഭിക്കുമെന്ന് മുകേഷ് അംബാനി
മുംബൈ: ജിയോ എയർഫൈബർ സേവനം ഗണേശ ചതുർത്ഥിദിനമായ സെപ്റ്റംബർ 19 മുതൽ ലഭ്യമാവുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. അതിവേഗ ഇന്‍റർനെറ്റ് കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിയോ എയർഫൈബർ പദ്ധതി നടപ്പില്‍ വരുന്നത്. റിലയന്‍സ് പുതുതായി അവതരിപ്പിക്കുന്ന ഫിക്സഡ് വയർലെസ് കണക്റ്റിവിറ്റി ഉപകരണമാണ് ജിയോ എയർഫൈബർ.
"ഗണേശ ചതുര്ഥി ദിനത്തിൽ ജിയോ എയർഫൈബർ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, ഇത് ഉപഭോക്തൃ മൂല്യത്തിനും ഇന്ത്യൻ ഹോം സെഗ്മെന്റിലെ വരുമാന വളർച്ചയ്ക്കും മറ്റൊരു തലം നൽകുന്നു," റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി.

അതേസമയം, ഇന്‍ഷുറന്‍സ് മേഖല ലക്ഷ്യമിട്ട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും മുകേഷ് അംമ്പാനി പ്രഖ്യാപിച്ചു. ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പോളിസികളായിരിക്കും കമ്പനി വാഗ്ദാനം ചെയ്യുക. ഇതിനായി പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കൊണ്ടുവരും. മ്യൂച്വല്‍ ഫണ്ട് ബിസിനസ് ലക്ഷ്യമിട്ട് ജെഎഫ്എസും ബ്ലാക്ക്‌റോക്കുമായുള്ള സംയുക്ത സംരംഭവും മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.
ജിയോ ഫൈബറിന് ഇതിനോടകം തന്നെ ഒരു കോടിയിലേറെ വരിക്കാരെ ലഭിച്ചു. വയര്‍ലെസ് ബ്രോഡ് ബാന്‍ഡ് സംവിധാനമായ ജിയോ എയര്‍ ഫൈബര്‍ വഴി പ്രതിദിനം 1.50 ലക്ഷം കണക്ഷനുകള്‍വരെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുന്നതിൽ ടെലികോം കമ്പനികൾ വെല്ലുവിളികൾ നേരിടുന്നു, ഇവിടെയാണ് റിലയൻസ് ജിയോ അതിവേഗ കണക്റ്റിവിറ്റി നൽകാൻ ജിയോ എയർഫൈബർ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എയർഫൈബർ ഉപകരണം ഉപയോഗിക്കുന്നതിലൂടെ, കമ്പനിക്ക് പ്രതിദിനം 150,000 കണക്ഷനുകൾ വരെ വാഗ്ദാനം ചെയ്യാൻ കഴിയും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 20 കോടിയിലേറെ കുടുംബങ്ങളിലേക്ക് എത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സ് പ്രവർത്തിക്കുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു. അതേസമയം, ജിയോ സ്മാർട്ട് ഹോം സേവനം വൈകാതെ രാജ്യമെങ്ങും ലഭ്യമാക്കുമെന്ന് ആകാശ് അംബാനിയും പറഞ്ഞു.
അതോടൊപ്പം തന്നെ, കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് (എജിഎം) മുന്നോടിയായി റിലയൻസ് ജിയോ മൂന്ന് പുതിയ പോക്കറ്റ് ഫ്രണ്ട്ലി പ്രീപെയ്ഡ് ഇന്റർനാഷണൽ റോമിംഗ് പ്ലാനുകൾ പ്രഖ്യാപിച്ചു. അപ്ഡേറ്റ് ചെയ്ത അന്താരാഷ്ട്ര പ്ലാനുകൾ മുൻ പ്ലാനുകളെ അപേക്ഷിച്ച് കൂടുതൽ ഡാറ്റയും കോളിംഗ് മിനിറ്റുകളും വാഗ്ദാനം ചെയ്യുന്നു, 44 രാജ്യങ്ങളിൽ ഇത് ബാധകമാണ്.
150 കോളിംഗ് മിനിറ്റുകളും 100 എസ്എംഎസും നൽകുന്ന 1,499 രൂപയുടെ പ്ലാനാണ് പട്ടികയിലെ ഏറ്റവും വിലകുറഞ്ഞത്. ഇതിന് 14 ദിവസത്തെ വാലിഡിറ്റിയും 1 ജിബി മൊബൈൽ ഡാറ്റയും ലഭിക്കും. എന്നിരുന്നാലും, എല്ലാ ഇൻകമിംഗ് കോളുകൾക്കും ജിയോ നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കും. സൗജന്യ ഇൻകമിംഗ് വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാനാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍, 250 കോളിംഗ് മിനിറ്റുകളും 100 എസ്എംഎസുകളും പോലുള്ള ആനുകൂല്യങ്ങൾ നൽകുന്ന 3,999 രൂപയുടെ പ്ലാൻ ലഭ്യമാണ്. ഇതിന് 4 ജിബി മൊബൈൽ ഡാറ്റയും 30 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്.












Click it and Unblock the Notifications