ജെഎൻയു സംഘർഷം; എബിവിപി കള്ളം പറയുന്നുവെന്ന് ഹോസ്റ്റൽ മെസ് സെക്രട്ടറി
ഡൽഹി ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി കാവേരി ഹോസ്റ്റലിലെ മെസ് സെക്രട്ടറി. വിഷയത്തിൽ എബിവിപി ഉന്നയിച്ച വാദങ്ങളെ തള്ളുന്നതരത്തിൽ ആയിരുന്നു മെസ് സെക്രട്ടറിയുടെ പ്രതികരണം. സംഭവവത്തിൽ എബിവിപി കള്ളം പറയുകയായിരുന്നെന്നും വിഷയത്തെ രാഷ്ട്രീയ വത്ക്കരിക്കുയായിരുന്നു ഇവരുടെ ലക്ഷ്യം എന്നും സെക്രട്ടറി പറഞ്ഞു.
രാമനവമി ദിനത്തിൽ സസ്യേതര ഭക്ഷണം പാകം ചെയ്യുമെന്ന് ഏഴ് ദിവസം മുമ്പ് ഇവർ തീരുമാനിച്ചിരുന്നതായി എബിവിപി ജെഎൻയു പ്രസിഡന്റ് രോഹിത് കുമാർ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇത് തെറ്റാണെന്നും ഇത്തരമൊരു തീരുമാനം ആരും എടുത്തിരുന്നില്ലെന്നും എബിവിപി കള്ളം പറയുകയാണെന്നും കാവേരി ഹോസ്റ്റൽ മെസ് കമ്മിറ്റി സെക്രട്ടറി പ്രതികരിച്ചു. വിദ്യാർത്ഥികൾക്ക് നോൺ വെജ് വേണ്ടെന്ന എബിവിപിയുടെ വാദവും തെറ്റാണ്. നോൺ-വെജിറ്റേറിയൻ പാചകം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മെസ് വാർഡൻ ഏപ്രിൽ 9 ന് ഒരു സന്ദേശം ഞങ്ങൾക്ക് അയച്ചിരുന്നു. എന്നാൽ ഞങ്ങൾ രേഖാമൂലമുള്ള ഓർഡർ ആവശ്യപ്പെട്ടപ്പോൾ, അവരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ല എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

നോൺ വെജ് തീരുമാനത്തിൽ എബിവിപി കള്ളം പറയുകയാണെന്ന് കാവേരി ഹോസ്റ്റൽ യൂണിയൻ പ്രസിഡന്റും പറഞ്ഞു. നോൺ വെജ് ഒഴിവാക്കാനുള്ള ഒരു തീരുമാനവും വിദ്യാർത്ഥി സംഘടന എടുത്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു."രാമനവമി ദിനത്തിൽ ഇറച്ചി ഭക്ഷണം ഒഴിവാക്കണമെന്ന് ശനിയാഴ്‌ച വൈകുന്നേരം ഹോസ്റ്റൽ വാർഡൻ വാക്കാലുള്ള ശുപാർശ നൽകിയിരുന്നു. എന്നാൽ വാർഡനിൽ നിന്നോ അധികാരികളിൽ നിന്നോ രേഖാമൂലമുള്ള ഉത്തരവൊന്നും നൽകിയിട്ടില്ല," ഹോസ്റ്റൽ പ്രസിഡന്റ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 150-ലധികം വിദ്യാർത്ഥികൾക്ക് ഭക്ഷണം ലഭിക്കാതെ വന്നു എന്നും ഇദ്ദേഹം പറഞ്ഞു.
എബിവിപിക്കാർ ഇറച്ചി വിതരണക്കാരെ ഭീഷണിപ്പെടുത്തി ചിക്കൻ സാധനങ്ങൾ തിരിച്ചയച്ചതിനാലാണ് ഹോസ്റ്റലിൽ പകുതിയോളം പേർക്ക് അത്താഴം മുടങ്ങിയത്. ഇതേ തുടർന്ന് വാർഡനെയും മെസ് സൂപ്പർവൈസറെയും കാണാൻ പോയ ഞങ്ങളെ എബിവിപി ഗുണ്ടകൾ ഞങ്ങളെ തടഞ്ഞുവെന്നും ഹോസ്റ്റൽ പ്രസിഡന്റ് കൂട്ടിച്ചേർത്തു. പിന്നീട് ഭക്ഷണത്തിന്റെ പേരിൽ ജെഎൻയു കാമ്പസിൽ രണ്ട് വിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടി. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. എന്നിരുന്നാലും നിരവധി പേർക്ക് പരിക്കേറ്റതായി ഇരുപക്ഷവും അവകാശപ്പെടുന്നുണ്ട്.












Click it and Unblock the Notifications