രാജ്യം വിട്ട് പോകണം, സീതാറാം യെച്ചൂരിക്ക് ആംആദ്മിയുടെ ഭീഷണി
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തെ അനുകൂലിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഭീഷണി സന്ദേശവുമെത്തി. സിപിഎമ്മിന് ആരുടെയും ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഗാന്ധിയുടെ ഘാതകരാണ് ദേശസ്‌നേഹത്തിന്റെ വക്താക്കളാകുന്നതെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യെച്ചൂരിക്ക് ഭീഷണിയെത്തിയത്.
ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണിയാണ് ഉണ്ടായതെന്നും പറയുന്നു. യെച്ചൂരി ചെയ്യുന്നത് തെറ്റാണെന്നും, അദ്ദേഹത്തിന് രാജ്യം വിട്ട് പോകേണ്ടിവരുമെന്നുമാണ് ഭീഷണി. ഫോണ്‍ വിളിച്ചയാള്‍ താന്‍ ആം ആദ്മി പാര്‍ട്ടിയിലെ അംഗമാണെന്ന് പറഞ്ഞിരുന്നു. യെച്ചൂരിയുടെ ഓഫീസിലെ റിസപ്ഷനിലാണ് ഫോണ്‍ കോള്‍ വന്നത്.

ഭീഷണിയെ തുടര്‍ന്ന് യെച്ചൂരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് എകെജി ഭവനുമുന്നില്‍ പോലീസ് സുരക്ഷ ശക്തമാക്കി. സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നതിനു പിന്നാലെയാണ് ഭീഷണിയുമെത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എകെജി ഭവന് മുന്നില്‍ ബാരിക്കേഡുകളടക്കമുള്ള സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
യെച്ചൂരി നോക്കി നില്‍ക്കെയാണ് പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം ഉണ്ടായത്. കരി ഓയിലുമായി എത്തിയ മൂന്ന് യുവാക്കള്‍ ഓഫീസ് ബോര്‍ഡില്‍ പാകിസ്താനി ഓഫീസ് എന്നെഴുതുകയായിരുന്നു. തുടര്‍ന്ന് സിപിഎമ്മിനെതിരെ മുദ്രാവാക്യങ്ങളും ഉയര്‍ത്തി.












Click it and Unblock the Notifications