എസ്പി-കോണ്‍ഗ്രസ് സഖ്യം ഗംഗ യമുന സംഗമം പോലെ; ബിജെപി അതിജീവിക്കുമോ?
രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനം മറുപടി നല്‍കും. ജനങ്ങള്‍ക്കുള്ള ഉത്തരമാണ് ഉത്തര്‍പ്രദേശിലെ എസ്പി- കോണ്‍ഗ്രസ് സഖ്യമെന്നും രാഹുല്‍.
ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും സംയുക്ത പ്രചരണത്തിന്. ഇരു പാര്‍ട്ടികളും തങ്ങളുടെ സ്വാധീന മേഖലകളില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടത്തുന്ന സംയുക്ത റാലിക്ക് മുന്നോടിയായി ഇരുവരും ല്കനൗവില്‍ സംയുക്ത പത്രസമ്മേളനം നടത്തി.
കേവലം രാഷ്ട്രീയമായ ഒരു സംഖ്യമല്ല ഇതെന്ന് സൂചിപ്പിച്ച രാഹുല്‍ ഗാന്ധി തനിക്ക് അഖിലേഷുമായി നേരത്തെ വ്യക്തിപരമായ സൗഹൃദമുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനം മറുപടി നല്‍കും. ജനങ്ങള്‍ക്കുള്ള ഉത്തരമാണ് ഉത്തര്‍പ്രദേശിലെ എസ്പി- കോണ്‍ഗ്രസ് സഖ്യമെന്നും അദ്ദേഹം പറഞ്ഞു.

യുപിയിലെ കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി തിരഞ്ഞെടുപ്പ് സഖ്യം ഗംഗ യമുന സംഗമം പോലെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അഖിലേഷിന്റെയും തന്റേയും രാഷ്ട്രീയവും വ്യക്തിപരവുമായ സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതാണ് ഈ സഖ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷിന്റെ പ്രവര്‍ത്തനം മികച്ചതാണ്. അഖിലേഷിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ പലകാര്യങ്ങളിലും യോജിപ്പും എതിര്‍പ്പും ഉണ്ട്. എന്നാല്‍ യോജിപ്പിലൂന്നിയാണ് സഖ്യമുണ്ടാക്കയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നതാണ് ബിജെപി നയം. അതിന് എതിരാണ് ഈ സഖ്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ജനങ്ങള്‍ ബിജെപിക്ക് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനും വ്യക്തമാക്കി.

താനും രാഹുലും സൈക്കിളിന്റെ രണ്ട് ചക്രങ്ങളാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സൈക്കിള്‍ കൈയ്‌ക്കൊപ്പം നില്‍ക്കുമെന്നും ചിഹ്നങ്ങളെ സൂചിപ്പിച്ച് അഖിലേഷ് പറഞ്ഞു.

ഈ സഖ്യം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അവരുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണെന്നും അഖിലേഷ് പറഞ്ഞു. പുരോഗതി, സമൃദ്ധി, സമാധാനം എന്നിവയാണ് കോണ്‍ഗ്രസ് എസ്പി സഖ്യത്തിന്റെ മുദ്രാവാക്യം.

രാജ്യത്ത് നോട്ട് അസാധുവാക്കിയ നടപടിക്കെതിരായ ജനവിധിയാകും യുപി തിരഞ്ഞെടുപ്പെന്ന് അഖിലേഷ് പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും ക്യൂവില്‍ നിറുത്തതിനുള്ള മറുപടി യുപിയിലെ ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ ഉത്തര്‍പ്രദേശ് കണ്ട രാഷ്ട്രീയമല്ല ഇനി. ഇവിടുത്തെ യുവ ജനങ്ങള്‍ക്ക് പുതിയൊരു രാഷ്ട്രീയം നല്‍കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിക്കെതിരായ എസ്പി- കോണ്‍ഗ്രസ് സഖ്യത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.

പ്രചരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എസ്പി നേതാവ് മുലായം സിംഗ് യാദവും എത്തുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രചരണത്തെപ്പറ്റി ഒന്നും ഇപ്പോള്‍ പുറത്ത് വിടുന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

ഇരു പാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെട്ടതിന് ശേഷം ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ നടത്തുന്ന ആദ്യ പത്രസമ്മേളനമാണിത്. സഖ്യത്തേക്കുറിച്ച സാധാരണ പ്രവര്‍ത്തകരിലേക്ക് സന്ദേശമെത്തിക്കാനാണ് ഒന്നിച്ച് വാര്‍ത്ത സമ്മേളനം നടത്തിയതെന്നാണ് പാര്‍ട്ടികളുടെ വിശദീകരണം.












Click it and Unblock the Notifications