സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി; ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിഞ്ഞത് 28 മാസം

ലഖ്‌നൗ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. 28 മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് മോചനം. 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖിന്റെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. മോചന നടപടികള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. രണ്ടു കേസുകളാണ് സിദ്ദിഖിനെതിരെയുള്ളത്. രണ്ടിലും ജാമ്യം ലഭിച്ചിട്ട് ഏറെ നാള്‍ കഴിഞ്ഞെങ്കിലും മോചനം സാധ്യമായിരുന്നില്ല.
ബുധനാഴ്ചയാണ് റിലീസ് ഓര്‍ഡര്‍ വിചാരണ കോടതി ജഡ്ജി ഒപ്പുവച്ച് ജയിലിലേക്ക് അയച്ചത്. എന്നാല്‍ സമയം വൈകിയത് കാരണം ബുധനാഴ്ച മോചനമുണ്ടായില്ല. തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഭാര്യ റൈഹാനത്ത്, മകന്‍, അഭിഭാഷകന്‍ എന്നിവരെല്ലാം ലഖ്‌നൗവിലെ ജയിലിലെത്തിയിരുന്നു.
ഇനിയും ഒട്ടേറെ പേര്‍ ജയിലിലുണ്ടെന്നും അവരും മോചിതരായാല്‍ മാത്രമേ നീതി പൂര്‍ണമാകൂ എന്നും സിദ്ദിഖ് ജയില്‍ മോചിതനായ ശേഷം മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. തന്റെ വിഷയം ഉന്നയിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും കാപ്പന്‍ നന്ദി അറിയിച്ചു. മാതാവിന്റെ വിയോഗം സംബന്ധിച്ചും അദ്ദേഹം സങ്കടത്തോടെ സൂചിപ്പിച്ചു. ഇനി ഡല്‍ഹിയിലേക്ക് പോകും. ആറാഴ്ച ഡല്‍ഹിയില്‍ തങ്ങണം എന്നാണ് ജാമ്യ വ്യവസ്ഥ. ശേഷമാകും കേരളത്തിലേക്ക് വരിക.

യുപിയിലെ ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് കാപ്പന്‍ ഹത്രാസിലേക്ക് പോയത്. വഴി മധ്യ മഥുരയില്‍ വച്ച് പോലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
യുപിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് പ്രകാരം കേസെടുത്തു. പിന്നീട് യുഎപിഎ വകുപ്പ് ചുമത്തി. പോപ്പുലര്‍ ഫ്രണ്ടില്‍ പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തു. യുഎപിഎ കേസില്‍ സുപ്രീംകോടതിയും ഇഡി കേസില്‍ അലഹാബാദ് ഹൈക്കോടതിയുമാണ് കാപ്പന് ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications