ജഡ്ജിയെയും ബലാത്സംഗം ചെയ്തു: യുപി കത്തുന്നു
ദില്ലി: രണ്ട് ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നസംഭവത്തിന്റെ പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടെ ഉത്തര്‍പ്രദേശില്‍ പീഡനം തുടര്‍ക്കഥയാകുന്നു. അതിനിടയില്‍ പീഡനങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍ മാത്രമല്ലെന്ന മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രസ്താവനയും വിവാദമാകുന്നു. സംസ്ഥാനത്തെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അലിഗഡില്‍ ഒരു വനിതാ ജഡ്ജിയെയും പീഡിപ്പിച്ച സംഭവമാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു പീഡനം. പീനത്തിന് ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തു നിന്ന് പാതി ഒഴിഞ്ഞ കീടനാശിനിയുടെ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിന് ശേഷം പ്രതികള്‍ ജഡ്ജിയെകൊണ്ട് ഇത് കുടിപ്പിച്ചിരിക്കാം എന്നാണ് നിഗമനം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ജഡജിയില്‍നിന്ന് മൊഴിയെടുക്കാനായിട്ടില്ല.

അതിനിടയില്‍ ചൊവ്വാഴ്ച പതിനഞ്ചുകാരിയായ മറ്റൊരു പെണ്‍കുട്ടിയുടെ മൃതദേഹവും സംസ്ഥാനത്ത് നിന്ന് കണ്ടെത്തി. സിതാപൂരിലെ മിസ്രിഖ ഏരിയയ്ക്ക് സമീപമുള്ള മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. പീഡനത്തിന് ശേഷം കൊലചെയ്തതാവാം എന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഉത്തരപ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ മൂന്ന് യുവാക്കള്‍ചേര്‍ന്ന് കൂട്ടു ബലാത്സംഗത്തിനിരയാക്കി കെട്ടിത്തൂക്കികൊന്നതിന് ശേഷം സംസ്ഥാനത്തുനിന്ന് പുറത്തുവന്നതെല്ലാം പീഡന വാര്‍ത്തകള്‍ മാത്രമാണ്. പീഡനം ചെറുത്ത പെണ്‍കുട്ടിയെ തീയിലെറിഞ്ഞു കൊന്നതും പീഡിപ്പിച്ചശേഷം പെണ്‍കുട്ടിയെ ആസിഡ് കുടിപ്പിച്ചുകൊന്നതുമെല്ലാം കഴിഞ്ഞ ദിവസത്തെ സംഭവങ്ങളാണ്.
സംഭവത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. ജനരോക്ഷവും ശക്തമായിരിക്കുകയാണ്. എന്നാല്‍ ബദൗണ്‍ കൂട്ട ബലാത്സംഗത്തില്‍ സി ബി ഐ അന്വേഷണം അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തുണ്ടാകുന്ന ഇത്തരം സംഭവങ്ങളിലെല്ലാം സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.












Click it and Unblock the Notifications