കോണ്‍ഗ്രസ് ആവശ്യപ്പെട്ടു, പട്‌നയിലെ പ്രതിപക്ഷ മഹായോഗം ജൂണ്‍ 12ന് നടക്കില്ല
ദില്ലി: പട്‌നയില്‍ നടക്കുന്ന പ്രതിപക്ഷ മഹായോഗം മാറ്റി. ജൂണ്‍ പന്ത്രണ്ടിനായിരുന്നു യോഗം സംഘടിപ്പിക്കാനിരുന്നത്. വമ്പന്‍ യോഗമായിരുന്നു പ്ലാന്‍ ചെയ്തത്. അതേസമയം ജൂണ്‍ 23ന് ഈ യോഗം നടക്കും. കോണ്‍ഗ്രസിന്റെയും, ഡിഎംകെയുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രതിപക്ഷ യോഗം മാറ്റിയത്. രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിന്റെ തിരക്കിലാണ്.
രാഹുല്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചതാണ്. എന്നാല്‍ പന്ത്രണ്ടിന് രാഹുല്‍ എത്തുന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് അദ്ദേഹം യുഎസ്സിലെത്തിയത്. ജൂണ്‍ 15ന് രാഹുല്‍ തിരിച്ചെത്തുമെന്നാണ് സൂചന.അതേസമയം കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് സോണിയാ ഗാന്ധിയും വിദേശത്താണ്.

ചികിത്സയുടെ ഭാഗമായിട്ടാണ് അവര്‍ പോയത്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഗാന്ധി കുടുംബമില്ലാതെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കേണ്ടി വരും. അത് ഒരിക്കലും സ്വീകാര്യമാവാത്ത കാര്യമാണ്. അതുകൊണ്ടാണ് യോഗം മാറ്റാന്‍ അഭ്യര്‍ത്ഥിച്ചത്.
ഡിഎംകെയ്ക്കും ഇതേ ദിവസം പങ്കെടുക്കുന്നതില്‍ പ്രശ്‌നമുണ്ട്. പന്ത്രണ്ടിന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുക്കേണ്ട ഒരു സര്‍ക്കാര്‍ തല പരിപാടിയുണ്ട്. അത് ഒഴിവാക്കാനാവാത്തതാണ്. അതുകൊണ്ട് അവര്‍ക്കും ഈ ദിവസം ചടങ്ങില്‍ പങ്കെടുക്കാനാവില്ല.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രതിപക്ഷ മഹായോഗം നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നാകെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിപ്പിക്കാനുള്ള ദൗത്യം നിതീഷ് ഏറ്റെടുത്തിരിക്കുകയാണ്. മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, അഖിലേഷ് യാദവ് പോലുള്ള പ്രമുഖ നേതാക്കളെല്ലാം പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇവരെല്ലാം നേരത്തെ കോണ്‍ഗ്രസ് പങ്കെടുക്കുന്ന പ്രതിപക്ഷ യോഗങ്ങളില്‍ പങ്കെടുക്കാറില്ലായിരുന്നു. ഡല്‍ഹിയിലെ വിവാദ ഓര്‍ഡിന്‍സ് വിഷയത്തിലും പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കാനാണ് സാധ്യത. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം കെജ്രിവാള്‍ കോണ്‍ഗ്രസിനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഒന്നുകില്‍ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുക. അല്ലെങ്കില്‍ നരേന്ദ്ര മോദിക്കൊപ്പമാണെന്ന് തെളിയിക്കുക എന്നായിരുന്നു കെജ്രിവാള്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ പഞ്ചാബ്, ഡല്‍ഹി സംസ്ഥാന സമിതികള്‍ എഎപിയെ പിന്തുണയ്ക്കരുതെന്ന നിലപാടിലാണ്.
ഇവിടെ നിന്നുള്ള നേതാക്കള്‍ നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ട് കണ്ടിരുന്നു. കോണ്‍ഗ്രസിനെ പലയിടത്തും തകര്‍ക്കുന്നതില്‍, ബിജെപിക്കൊപ്പം നിന്ന് ഗൂഢാലോചന നടത്തിയ പാര്‍ട്ടിയാണ് എഎപിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.












Click it and Unblock the Notifications