വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ട് വെറും 10 ദിവസം; രാഷ്ട്രീയം ഉപേക്ഷിച്ച് അമ്പാട്ടി റായിഡു
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. ഡിസംബര്‍ 28 ന് ആയിരുന്നു റായിഡു ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വൈ എസ് ആര്‍ സി പി വിടാനും രാഷ്ട്രീയത്തില്‍ നിന്ന് അല്‍പകാലം വിട്ടുനില്‍ക്കാനും താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും തക്കസമയത്ത് തന്റെ തുടര്‍ നടപടികള്‍ അറിയിക്കുമെന്നും റായിഡു പറഞ്ഞു.
എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് അമ്പാട്ടി റായിഡുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നത്. നേരത്തെ അമ്പാട്ടി റായിഡു കോണ്‍ഗ്രസിനൊപ്പം പോയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും വൈ എസ് ആര്‍ സി പിയില്‍ ചേരുകയും ചെയ്തത്.

ജഗന്‍ മോഹന്‍ റെഡ്ഡി 45 ദിവസത്തെ കായികമേളയായ 'അദുധം ആന്ധ്ര' (നമുക്ക് ആന്ധ്രയില്‍ കളിക്കാം) ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അമ്പാട്ടി റായിഡു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡി, ഉപമുഖ്യമന്ത്രി കെ നാരായണ സ്വാമി, രാജംപേട്ട ലോക്സഭാ അംഗം പി മിഥുന്‍ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് അമ്പാട്ടി റായിഡു വൈ എസ് ആര്‍ സി പിയില്‍ ചേര്‍ന്നത്.
2019 ജൂലൈയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2023 മെയ് മാസത്തില്‍ ഐ പി എല്ലില്‍ നിന്നും വിരമിച്ച അമ്പാട്ടി റായിഡു പിന്നീട് രാഷ്ട്രീയത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 2013 ല്‍ ആണ് അമ്പാട്ടി റായ്ഡു ദേശീയ ടീമില്‍ എത്തിയത്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു. 203 ഐ പി എല്‍ മത്സരങ്ങളില്‍ നിന്നായി അമ്പാട്ടി റായിഡു 4348 റണ്‍സും 22 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
ഇന്ത്യയ്ക്കായി 55 ഏകദിനങ്ങളിലും ആറ് ടി 20 കളിലും കളിച്ചു. ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും അടക്കം 1694 റണ്‍സും ടി 20 യില്‍ 42 റണ്‍സും ആണ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ മൂന്ന് വിക്കറ്റും അമ്പാട്ടി റായിഡു സ്വന്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications