കെസിആറിനൊപ്പം പിണറായി, അഖിലേഷ്, കെജ്രിവാള്‍, കുമാരസ്വാമി; മൂന്നാം മുന്നണി നീക്കം സജീവം
ന്യൂദല്‍ഹി/ ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബി ജെ പി ഇതര കക്ഷികളുടെ ഐക്യസാധ്യത സജീവമാക്കി ബി ആര്‍ എസ് (ടിആര്‍എസ്). ടി ആര്‍ എസില്‍ നിന്ന് ബി ആര്‍ എസിലേക്ക് രൂപന്തരപ്പെട്ട തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ പ്രവേശനത്തിലേക്ക് കോണ്‍ഗ്രസ്, ബി ജെ പി ഇതര കക്ഷികളേയും ക്ഷണിച്ചിട്ടുണ്ട്. ജനുവരി 18-ന് ഖമ്മത്ത് നടക്കുന്ന പൊതുയോഗത്തോടെ ആണ് ഭാരത് രാഷ്ട്ര സമിതി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.
ഇടത് പാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നീ കക്ഷികള്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. പ്രതിപക്ഷത്തെ നാല് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. കെ സി ആറിനെ കൂടാതെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ (സി പി എം), ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മന്‍ (ആം ആദ്മി പാര്‍ട്ടി) എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.

ഇതോടൊപ്പം ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ്, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, കര്‍ഷക സമര നേതാക്കള്‍ എന്നിവരും യോഗത്തിനെത്തും. കെജ്രിവാള്‍, ഭഗവന്ത് മാന്‍, അഖിലേഷ് യാദവ് എന്നിവരും മറ്റ് ദേശീയ നേതാക്കളും ജനുവരി 17 ന് ആണ് ഹൈദരാബാദില്‍ എത്തുക. ചന്ദ്രശേഖര്‍ റാവുവിനൊപ്പം ജനുവരി 18 ന് ഖമ്മത്തിലേക്ക് പോകും.

മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയും ജനുവരി 18 ന് ഖമ്മത്തിലേക്ക് നേരിട്ടെത്തും. ദേശീയ നേതാക്കളെ ഖമ്മത്തേക്ക് കൊണ്ടുപോകാന്‍ രണ്ട് ഹെലികോപ്റ്ററുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സംയോജിത ജില്ലാ കളക്ടറേറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തിലും കാന്തിവെളുഗു പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനത്തിലും നേതാക്കള്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിന് എതിരെ കോണ്‍ഗ്രസില്ലാതെ സമാന മനസ്‌കരെ ഒന്നിച്ച് നിര്‍ത്തുകയാണ് കെ സി ആറിന്റെ ലക്ഷ്യം. ബി ആര്‍ എസിന്റെ ആദ്യ ബഹുജന പരിപാടിയാണിത്. രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കുന്നതിന് എതിരായ കൂട്ടായ്മ എന്നാണ് ബി ആര്‍ എസ് പൊതുയോഗത്തെ വിശേഷിപ്പിക്കുന്നത്. നേരത്തേയും ഇടത് പാര്‍ട്ടികളുമായി കെ സി ആര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, എന്‍ സി പി നേതാവ് ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുമായും കെ സി ആര്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ എല്ലാ ബി ജെ പി ഇതര രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.












Click it and Unblock the Notifications