ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കബാലിക്ക് നിരോധനം; ടിക്കറ്റെടുത്തവര്‍ എന്ത് ചെയ്യും?
ബെംഗളൂരു: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ കബാലി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കാണാന്‍ ബുക്ക് ചെയ്തവര്‍ നിരാശപ്പെടേണ്ടിവരും. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കര്‍ണാടക സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞതിനെ തുടര്‍ന്നാണിത്. ബുധനാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.
മെട്രോ നഗരമായ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഹാളുകള്‍ ബുക്ക് ചെയ്താണ് കബാലി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. 1500 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. ലഞ്ച് അടക്കമാണ് ഈ നിരക്ക്. 3000 ത്തിലധികം ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ സൈറ്റായ ബുക്ക് മൈ ഷോയിലൂടെ വില്‍ക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നിരോധനത്തോടെ ഈ ക്രമീകരണങ്ങളെല്ലാം അവതാളത്തിലായി.

പഞ്ചനക്ഷത്ര ഹോട്ടലില്‍ കബാലി ഇല്ല
സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷമാണ് കബാലി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കബാലി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം നടന്നത്. എന്നാല്‍ അപ്രതീക്ഷിതമായ ഒരു നിരോധനത്തിലൂടെ സര്‍ക്കാര്‍ തന്നെ ഇതിന് കത്തിവെച്ചു.

നിയമവിരുദ്ധം
1964 ലെ കര്‍ണാടക സിനിമ റെഗുലേഷന്‍ ആക്ടിന്റെ ലംഘനമാണ് ഇങ്ങനെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് എന്ന് കാണിച്ചാണ് നിരോധനം. കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും ഈ നീക്കത്തെ എതിര്‍ത്തിരുന്നു.

ഇവരാണ് പിന്നില്‍
ലഹാരി മ്യൂസിക്കാണ് ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കബാലി കാണാന്‍ സൗകര്യം ഒരുക്കിയത്. 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. കബാലി കാണുന്നതിനൊപ്പം ലഞ്ച് ഫ്രീ.

നഷ്ടം 25 ലക്ഷം
വിവിധ ഹോട്ടലുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനായി നടത്തിയ സജ്ജീകരണങ്ങളെല്ലാം വെറുതെയായതായി ലഹാരി മ്യൂസിക്കിന്റെ വേലു പറഞ്ഞു. മറ്റ് പരിപാടികള്‍ ഒഴിവാക്കിയാണ് ഹോട്ടലുകള്‍ തങ്ങള്‍ക്ക് സ്ഥലം തന്നത്. ഈ വകയില്‍ തങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും.

പുതിയൊരു മോഡല്‍
പുതിയൊരു ബിസിനസ് മോഡലായിരുന്നു തങ്ങള്‍ മുന്നോട്ട് വെച്ചത് എന്നാണ് ലഹാരി മ്യൂസിക്ക് പറയുന്നത്. എന്നാല്‍ ഇതിന് വേണ്ട പിന്തുണ കിട്ടിയില്ല. അനുവാദം തന്ന ശേഷമാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

3000 ലധികം ടിക്കറ്റുകള്‍
3000 ലധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റഴിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഇരുന്ന് ലാവിഷായി കബാലി കാണാന്‍ ടിക്കറ്റെടുത്തവരാണ് ഇവര്‍. ഇവര്‍ക്കെല്ലാം പണം റീഫണ്ട് ചെയ്യും. അതല്ലാതെ വേറെ വഴിയില്ല.

എതിര്‍പ്പിന് പിന്നില്‍
കബാലി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കളിപ്പിക്കുന്നത് തടഞ്ഞതിന് പിന്നില്‍ തീയറ്ററുടമകളും ഉണ്ടെന്നാണ് കേള്‍ക്കുന്നത്. തീയറ്ററിലെ കളക്ഷനെ ഇത് ബാധിക്കും എന്നത് തന്നെ കാരണം.

നാടും നഗരവും ഒരുങ്ങി
രജനീകാന്തിന്റെ കബാലിയെ വരവേല്‍ക്കാന്‍ സിനിമാ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. ചെന്നൈയിലും ബെംഗളൂരുവിലും പല സ്ഥാപനങ്ങളും കബാലിയുടെ റിലീസ് പ്രമാണിച്ച് അവധി പ്രഖ്യാപിച്ചുകഴിഞ്ഞു.












Click it and Unblock the Notifications