ഉത്തരാഖണ്ഡില്‍ വിജയ് വര്‍ഗീയ ഇറങ്ങി, കോണ്‍ഗ്രസിന് ആകെ ആശങ്ക, 2016 ആവര്‍ത്തിക്കാന്‍ ബിജെപി
ദില്ലി: ഉത്തരാഖണ്ഡ് പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ നീക്കം. എക്‌സിറ്റ് പോള്‍ ഫലം വന്നതിന് പിന്നാലെയാണ് ഈ നീക്കം. ബിജെപി സീനിയര്‍ നേതാവ് കൈലാഷ് വിജയ് വര്‍ഗീയയെ ഇറക്കി കളം പിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് കടുത്ത ആശങ്കയിലാണ്. 2016ലെ ദുരന്തം കോണ്‍ഗ്രസ് ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. അന്ന് കോണ്‍ഗ്രസിലെ പല എംഎല്‍എമാരെയും ഒന്നടങ്കം കൂറുമാറ്റി ബിജെപിയിലെത്തിച്ചത് വിജയ് വര്‍ഗീയയാണ്. മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഉത്തരാഖണ്ഡില്‍ എന്തും സംഭവിക്കാം. കോണ്‍ഗ്രസ് എംഎല്‍എമാരെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

ഞായറാഴ്ച്ചയാണ് വിജയ് വര്‍ഗീയ ഡെറാഡൂണിലെത്തിയത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിയുമായും മുന്‍ മുഖ്യമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കുമായും, സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായും വിജയ് വര്‍ഗീയ ചര്‍ച്ചകള്‍ നടത്തിയത്. മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുമായി താന്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് വിജയ് വര്‍ഗീയ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് ഈ വാക്കുകള്‍ വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. നേതൃത്വം കടുത്ത ജാഗ്രതയിലാണ്. വിജയ് വര്‍ഗീയ നേരത്തെ പല സ്ഥലത്തും കൂറുമാറ്റത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ബംഗാളിലും ഇതേ ചുമതല കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ മമത മിടുക്ക് കാണിച്ചപ്പോള്‍ ഇതൊക്കെ പരാജയപ്പെടുകയായിരുന്നു.
2016ലെ തിരിച്ചടി കോണ്‍ഗ്രസിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. കോണ്‍ഗ്രസില്‍ ഹരീഷ് റാവത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ സംസ്ഥാന രാഷ്ട്രപതി ഭരണത്തിലേക്ക് പോയിരുന്നു. എംഎല്‍എമാര്‍ കാലുവാരിയതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാവുകയായിരുന്നു. വിമത നീക്കത്തില്‍ ഹരീഷ് റാവത്ത് ആകെ അതൃപ്തനായിരുന്നു. 2017ല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണവും റാവത്തിന്റെ ഈ അതൃപ്തിയായിരുന്നു. വെറും 11 സീറ്റ് മാത്രമാണ് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് 57 സീറ്റും ലഭിച്ചു. ഇത്തവണ പക്ഷേ റാവത്തിനെ രാഹുല്‍ ഗാന്ധി തിരിച്ചുകൊണ്ടുവരികയായിരുന്നു.
ഹരീഷ് റാവത്തില്ലാതെ കോണ്‍ഗ്രസിന് ഉത്തരാഖണ്ഡില്‍ യാതൊരു സാധ്യതയുമില്ലെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിരിക്കുകയാണ്. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയെ അടക്കം കണ്ട് വിജയ് വര്‍ഗീയ നീക്കങ്ങള്‍ നടത്തുന്നുണ്ട്. വിജയ് വര്‍ഗീയയുടെ ഉത്തരാഖണ്ഡിലേക്കുള്ള വരവിന്റെ സമയം ശ്രദ്ധിക്കേണ്ടതാണ്. അത് വേറെന്തോ ലക്ഷ്യം വെച്ചുള്ളതാണെന്നും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി മാഥുര ദത്ത് ജോഷി പറഞ്ഞു. എംഎല്‍എമാരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റുമെന്നും ജോഷി വ്യക്തമാക്കി.
2016ല്‍ ഒരു മാസത്തോളമാണ് കൈലാഷ് വിജയ് വര്‍ഗീയ ഉത്തരാഖണ്ഡില്‍ തങ്ങിയത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയ ശേഷമായിരുന്നു മടക്കം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരെ ഇറക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നത്. ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നും, പുറത്ത് നിന്ന് യാതൊരു സഹായവും വേണ്ടി വരില്ലെന്ന് വിജയ് വര്‍ഗീയ വ്യക്തമാക്കി. കോണ്‍ഗ്രസ് എന്തിനാണ് തന്നെ ഭയപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല. ബിജെപി ഇത്തവണ മുഖ്യമന്ത്രിയുണ്ടാവും. കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചിരിക്കുകയാണെന്നും വിജയ് വര്‍ഗീയ പറഞ്ഞു.












Click it and Unblock the Notifications