മിഷൻ കശ്മീർ പൂർത്തിയായി, ഇനി മിഷൻ രാമക്ഷേത്രം! ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് വിജയ് വാർഗിയ!
ദില്ലി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അഭിനന്ദിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശ്യാമപ്രസാദ് മുഖര്‍ജിക്കുളള ആദരാഞ്ജലി ആണെന്ന് കൈലാഷ് വിജയ് വാര്‍ഗിയ പ്രതികരിച്ചു. മിഷന്‍ കശ്മീര്‍ പൂര്‍ത്തിയായതോടെ അടുത്ത ചുവട് മിഷന്‍ രാമക്ഷേത്രത്തിലേക്കാണ് എന്നും ബിജെപി നേതാവ് വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുമെന്നും കൈലാഷ് വിജയ് വാര്‍ഗിയ ഉജ്ജൈനിയില്‍ പറഞ്ഞു. രണ്ടായി വിഭജിക്കപ്പെട്ടതോടെ ജമ്മു കശ്മീരും ലഡാക്കും ഇപ്പോള്‍ യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നേടിയിരിക്കുകയാണ് എന്നും ബിജെപി ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഒരു വിഭാഗം ആളുകളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ചെയ്ത തെറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ധാര്‍മികതയെ ഊട്ടി ഉറപ്പിക്കുന്നതാണ് ഈ നീക്കമെന്നും കൈലാഷ് വിജയ് വാര്‍ഗിയ പറഞ്ഞു. ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ ഏത് നേരവും പാകിസ്താന് സ്തുതി പാടിക്കൊണ്ടിരിക്കുകയാണ്. ഇതോടെ പ്രതിപക്ഷം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നുവെന്നും വിജയ് വാര്‍ഗിയ പ്രതികരിച്ചു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ശിവരാജ് സിംഗ് ചൗഹാനും കശ്മീര്‍ ബില്ലിനെ പുകഴ്ത്തി രംഗത്ത് എത്തി. ഇതോടെ ജമ്മു കശ്മീരിലെ തീവ്രവാദം അവസാനിക്കുമെന്നും അഴിമതിക്ക് അന്ത്യം കുറിക്കുമെന്നും ചൗഹാന്‍ ട്വീറ്റ് ചെയ്തു. ഇതോടെ കശ്മീര്‍ താഴ്വര പൂര്‍ണമായും സ്വതന്ത്രമായിരിക്കുകയാണ്. മാത്രമല്ല ലഡാക്കും ഇനി വളരുമെന്നും ചൗഹാന്‍ പറഞ്ഞു.












Click it and Unblock the Notifications