തരൂരും തരാറും: ചിത്രം പീപ്പിള്‍ ടിവി പുറത്ത് വിട്ടു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയും ആയ ശശി തരൂര്‍ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനൊപ്പം നില്‍ക്കുന്ന ചിത്രം പീപ്പിള്‍ ടിവി പുറത്ത് വിട്ടു. തരൂര്‍ ദുബായില്‍ തരാറിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ചു എന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തകയായ നളിനി സിങ് നല്‍കിയ മൊഴിയെ സാധൂകരിക്കുന്നതാണ് ചിത്രങ്ങളെന്നാണ് പീപ്പിള്‍ ടിവിയുടെ വാദം.
തരൂരിനും തരാറിനും ഒപ്പം മറ്റൊരു സ്ത്രീ കൂടി ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ ആരെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് ശശി തരൂരിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവാദം വീണ്ടും ആളിപ്പടര്‍ന്നത്. ശശി തരൂര്‍ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ദുബായില്‍ മൂന്ന് ദിവസം ചെലവഴിച്ചു എന്ന് സുനന്ദ തന്നോട് പറഞ്ഞതായിട്ടായിരുന്നു നളിനി സിങിന്റെ മൊഴി. ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനന്ദ നളിനി സിങിനോട് പറഞ്ഞിരുന്നത്രെ.
എന്നാല്‍ പീപ്പിള്‍ ടിവി ഇപ്പോള്‍ പുറത്ത് വിട്ട ചിത്രങ്ങള്‍ സുനന്ദ ആരോപിച്ച സംഭവവുമായി ബന്ധപ്പെട്ടതാണോ എന്നതില്‍ വ്യക്തതയൊന്നും ഇല്ല. ചിത്രത്തിന് പിറകില്‍ അന്താരാഷ്ട്ര ബിസിനസ് മാസികയായ ഫോര്‍ബ്‌സിന്റെ പേരെഴുതി വച്ച ഒരു ബാനര്‍ മാത്രമാണ് കാണുന്നത്. 2013 ജൂണ്‍ 25 ന് ദുബായില്‍ ഫോര്‍ബ്‌സ് മാഗസിന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. യുഎഇയിലെ 100 ഇന്ത്യന്‍ നേതാക്കളെ ആദരിക്കുന്നതായിരുന്നു ചടങ്ങ്.
നളിനി സിങിന്റെ മൊഴിയില്‍ പറയുന്ന സമയത്ത് താന്‍ ദുബായില്‍ ഉണ്ടായിരുന്നുവെന്ന് മെഹര്‍ തരാറും സമ്മതിച്ചിട്ടുണ്ട്. ഒരുപാട് പേര്‍ പങ്കെടുത്ത ഒരുപരിപാടി ആയിരുന്നു അതെന്നായിരുന്നു തരാര്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications