കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങി കമല്‍ഹാസന്‍; വലിയ ശത്രുവിനെ പരിചയപ്പെടുത്തി താരം
അഞ്ച് കേന്ദ്രങ്ങളിലാണ് കോണ്‍ഗ്രസിന് വേണ്ടി കമല്‍ഹാസന്‍ പ്രചാരണം നടത്തുക

ചെന്നൈ: കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാനൊരുങ്ങുകയാണ് നടന്‍ കമല്‍ഹാസന്‍. തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കമാണ് താരം നടത്തുന്നത്. വേറിട്ട രാഷ്ട്രീയവും വികസന കാഴ്ച്ചപാടും പറഞ്ഞ് കളത്തിലിറങ്ങിയ കമല്‍ഹാസന്‍ നിലവിലുള്ള ഏത് സഖ്യത്തിന്റെ ഭാഗമാകും എന്ന ചോദ്യമാണ് ഇതുവരെ ഉയര്‍ന്നിരുന്നത്. ബിജെപി വിരുദ്ധ രാഷ്ട്രീയം പറയുന്ന കമല്‍ഹാസന്‍ പലപ്പോഴും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന രീതിയിലും സംസാരിച്ചിരുന്നു.
ഒടുവില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാനും അദ്ദേഹം തയ്യാറായി. ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഇതിനിടെ തന്റെ രാഷ്ട്രീയ ശത്രുവിനെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

വിജയ് തിളങ്ങി, പക്ഷേ കമല്‍ഹാസന്‍
മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങിയ കമല്‍ഹാസന് ഇതുവരെ പച്ചപിടിക്കാനായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ, ആരാധകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കിയ നടന്‍ വിജയ് തന്ത്രപൂര്‍വമുള്ള നീക്കം നടത്തവെയാണ് കമല്‍ഹാസന്‍ എവിടെയുമെത്താതെ നില്‍ക്കുന്നത്. എന്നാല്‍ താന്‍ ഇനി ആര്‍ക്കൊപ്പമാകുമെന്ന് ഇപ്പോള്‍ കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരിക്കുന്നു.

ഇനി കോണ്‍ഗ്രസിനൊപ്പം
കോണ്‍ഗ്രസുമായി കൈകോര്‍ത്ത് മുന്നോട്ട് പോകാനാണ് കമല്‍ഹാസന്റെ തീരുമാനം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായത് ഈ ലക്ഷ്യത്തോടെയായിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ കമല്‍ഹാസന്‍ പങ്കെടുക്കുകയും ചെങ്കോട്ടയില്‍ പ്രസംഗിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

27ന് പോളിങ്
ഈറോഡ് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസം 27നാണ് പോളിങ്. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ആണ് ഇവിടെ മല്‍സരിക്കന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇളങ്കോവനാണ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. എംഎല്‍എ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എംപിയാകുമോ
ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ മല്‍സരിക്കണമെന്ന് അദ്ദേഹത്തിന്റെ മക്കള്‍ നീതി മയ്യം ജില്ലാ ഘടകം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തള്ളിയ കമല്‍ഹാസന്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് മല്‍സരിക്കാനാണ് നടന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വന്‍ സഖ്യം
83 നാമനിര്‍ദേശ പത്രികകളാണ് ഈറോഡ് മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ടത്. സൂക്ഷ്മ പരിശോധന വേളയില്‍ ഇത് 77 ആയി കുറഞ്ഞു. ഡിഎംകെ, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, മുസ്ലിം ലീഗ് എന്നിവരെല്ലാം ഇവിടെ സഖ്യമാണ്. ഇക്കൂട്ടത്തിലേക്കാണ് കമല്‍ഹാസന്റെ പാര്‍ട്ടി കൂടി എത്തുന്നത്. പ്രതിപക്ഷമായ എഐഎഡിഎംകെയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണ്.

കമല്‍ഹാസന്റെ പ്രചാരണം ഇവിടെ
ഈറോഡ് മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ കമല്‍ഹാസന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തും. ഗാന്ധി സിലായ് കരുങ്കല്‍ പാളയം, സുരാംപെട്ടി നാല്‍റോഡ്, സമ്പത്ത് നഗര്‍, വീരപ്പന്‍ ചരിതം, അഗ്രഹാരം എന്നിവിടങ്ങളിലാണ് നടന്‍ പ്രസംഗിക്കുക. കമല്‍ഹാസന്റെ സാന്നിധ്യം വോട്ടര്‍മാര്‍ക്ക് ആവേശം പകരുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

തന്റെ വലിയ ശത്രു
തന്റെ വലിയ രാഷ്ട്രീയ ശത്രു ജാതീയതയാണ് എന്ന് കമല്‍ഹാസന്‍ പറഞ്ഞു. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നീലം ബുക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്റെയും എന്റെ രാഷ്ട്രീയത്തിന്റെയും ശത്രു ജാതിയാണ്. 21 വയസ് മുതല്‍ താന്‍ ഇക്കാര്യം പറയുന്നുണ്ട്. ഇപ്പോഴും പറയുന്നു. അതില്‍ മാറ്റമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.












Click it and Unblock the Notifications