കമൽ ഹാസന് രാജ്യസഭ സീറ്റ്?; വാക്കുപാലിക്കാൻ ഡിഎംകെ.. നിർണായക കൂടിക്കാഴ്ച
ചെന്നൈ: തമിഴ്നാട്ടിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് ഡി എം കെ നേതൃത്വം മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസന് നൽകിയേക്കും. ഇത് സംബന്ധിച്ച് മന്ത്രി പികെ ശേഖർ കമൽഹാസന്റെ വീട്ടിലെത്തി ചർച്ച നടത്തി. മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി എ അരുണാചലവും ചര്‍ച്ചയില്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്റെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച.
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിക്കാനായിരുന്നു കമൽഹാസന്റെ ആദ്യ നീക്കം. ബി ജെ പിക്ക് വേണ്ടി പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു അന്ന് കോയമ്പത്തൂരിൽ മത്സരത്തിനിറങ്ങിയത്. ഇതോടെ കമൽഹാസനോട് മത്സരത്തിൽ നിന്ന് പിൻമാറാൻ ഡി എം കെ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് എം എൻ എമ്മുമായി സഖ്യത്തിനുള്ള താത്പര്യവും ഡി എം കെ അറിയിച്ചു. ഇതോടെ കോയമ്പത്തൂരിൽ നിന്നും കമൽഹാസൻ പിൻമാറി.

ആകെയുള്ള 39 സീറ്റിൽ സഖ്യത്തിൽ അന്ന് 22 ഇടത്ത് ഡി എം കെയും 9 സീറ്റുകളിൽ കോൺഗ്രസും ബാക്കിയുള്ള സീറ്റുകളിൽ സി പി എം, സി പി ഐ, വി സി, കെ, എം ഡി എം കെ, മുസ്ലീം ലീഗ്, കൊടുങ്കുനാട് മക്കൾ ദേശീയ കക്ഷി എന്നീ പാർട്ടികളുമാണ് മത്സരിച്ചത്. അന്ന് എം എൻ എമ്മിന് സീറ്റ് നൽകിയിരുന്നില്ല. പകരം ഈ വർഷം ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് കമൽഹാസനെ പരിഗണിക്കാനായിരുന്നു സഖ്യത്തിൽ ധാരണ ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചർച്ചകൾ.
ജൂണിൽ ആറ് സീറ്റുകളിലാണ് ഒഴിവ് ഉണ്ടാകുക. നിലവിലെ ഡി എം കെ യുടെ അംഗ ബലം അനുസരിച്ച് നാല് പേരെ വരെ രാജ്യസഭയിലേക്ക് ജയിപ്പിക്കാനാകും. അതിലൊന്നാണ് കമലിന് ലഭിക്കുക. അതേസമയം കമൽഹാസന് മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡി എം കെയുടെ നിലപാട്.
മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് പിന്നാലെ 2021 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കമൽഹാസൻ മത്സരിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. തൊട്ടടുത്ത വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എം എൻ എം മത്സരിച്ച 140 സീറ്റിലും പാർട്ടിക്ക് നിലംതൊടാൻ പോലും കഴിഞ്ഞില്ല. ഇത് രാഷ്ട്രീയപരമായി കമൽഹാസന് കനത്ത ആഘാതമാണ് നൽകിയത്. തുടർന്നാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡി എം കെയുമായി സഖ്യത്തിന് കമൽഹാസൻ തയ്യാറായത്.












Click it and Unblock the Notifications