കമല്‍ഹാസനും ഡിഎംകെ സഖ്യത്തിലേക്ക്: ലോക്സഭയില്‍ മത്സരിക്കും, ലക്ഷ്യം സിപിഎം വിജയിച്ച സീറ്റ്
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ സഖ്യസാധ്യതകള്‍ തേടി കമല്‍ ഹാസന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യം. ഡി എം കെ - കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന്റെ ഭാഗമായി കമല്‍ ഹാസനും മാറിയേക്കുമെന്നാണ് അഭ്യൂഹം. മക്കൾ നീതി മയ്യത്തിന്‍റെ അടിയന്തര യോഗം ഇന്ന് ചെന്നൈയിൽ ചേരുന്നുണ്ട്. രാവിലെ 11:30നാണ് നിർവഹക സമിതി ചേരുക. ലോകഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും സഖ്യ നീക്കങ്ങളും യോഗം ചർച്ച ചെയ്യും.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അടക്കം പങ്കെടുത്തതോടെ കമല്‍ ഹാസന്‍ ഡി എം കെ സഖ്യത്തിന്റെ ഭാഗമായേക്കുന്നുവെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പല രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ പാർട്ടിയുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും സഖ്യത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ തിങ്കളാഴ്ച വ്യക്തമാക്കിയത്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനാണ് പാർട്ടി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും തന്റെ പാർട്ടി പുതുച്ചേരി യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കമല്‍ഹാസന്‍ പറഞ്ഞു.
ഡിഎംകെയുമായും കോൺഗ്രസുമായും സഖ്യത്തിനായി പാർട്ടി നടത്തിയ ചർച്ചകളെ കുറിച്ച് ചോദിച്ചപ്പോൾ, പല പാർട്ടികളും അവരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഖ്യം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ കമല്‍ഹാസന്‍
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയില്ല. " എല്ലാം പിന്നീട് ഞാൻ നിങ്ങളോട് പറയും. ഇത് അതിനുള്ള സമയമല്ല," എന്നായിരുന്നു താൻ മത്സരിക്കുന്ന സഖ്യത്തെയും സീറ്റിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂർ സീറ്റിലാണ് കമല്‍ ഹാസന്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ഡി എം കെ സഖ്യത്തില്‍ സി പിഎം മത്സരിച്ച് വിജയിച്ച സീറ്റാണ് ഇത്. കമൽഹാസന്റെ പാർട്ടിയുമായുള്ള സഖ്യത്തില്‍ ഡി എം കെ തീരുമാനമെടുക്കുമെന്ന് ഉദയനിധി സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോയമ്പത്തൂർ ഇല്ലെങ്കില്‍ ചെന്നൈ സൗത്ത്, മധുര സീറ്റുകളില്‍ മത്സരിക്കാനും കമല്‍ ഹാസന് താല്‍പര്യമുണ്ട്. . 2024-ലെ തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കുന്നതിന് വോട്ടർമാരുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി 'മക്കളോടു മയ്യം' എന്ന വീടുതോറുമുള്ള ജനസമ്പർക്ക കാമ്പയിനും പാർട്ടി സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications