'രഹസ്യ നീക്കങ്ങളുമായി' കമൽനാഥ്!! അസംതൃപ്തരെ ചാടിക്കും.. നെഞ്ചിടിപ്പോടെ ബിജെപി
ഭോപ്പാൽ; രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. എന്നാൽ കൊവിഡിനിടയിലും സംസ്ഥാനത്ത് രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പ്രധാന ചർച്ച. കമൽനാഥ് സർക്കാരിന് പാലം വലിച്ച് പോയ 22 എംഎൽഎമാരുടെ മണ്ഡലങ്ങൾ ഉൾപ്പെടെ 25 ഇടത്താണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ് സ്വപ്നം കാണുന്നില്ല.ഭരണം തിരിച്ച് പിടിക്കാനുള്ള രഹസ്യ നീക്കങ്ങളാണ് കോൺഗ്രസ് ക്യാമ്പിൽ ഒരുങ്ങുന്നത്.

ചൂടുപിടിച്ച് ചർച്ചകൾ
മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ള 22 എംഎൽഎമാരുടേയും അന്തരിച്ച രണ്ട് എംഎൽഎമാരുടേയും ഉൾപ്പെടെ 24 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിക്കുന്നത്. സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയാർ-ചമ്പൽ മേഖലയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതിൽ 15 സീറ്റുകളും.

വലിയ വെല്ലുവിളി
അതുകൊണ്ട് തന്നെ കോൺഗ്രസിനെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ്. എന്നാൽ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്ന കാര്യങ്ങളാണ് ഇപ്പോൾ ബിജെപി ക്യാമ്പിൽ നടക്കുന്നത്. ഗ്വാളിയാർ-ചമ്പൽ മേഖലയിലെ ബിജെപിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഭിന്നത പുകയുന്നു
വരാനിരിക്കുന്ന മന്ത്രി സഭ വികസനത്തെ ചൊല്ലിയാണ് ബിജെപിയിൽ ഭിന്നത പുകയുന്നത്. ജ്യോതിരാദിത്യ സിന്ധ്യയും മറ്റ് എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറിയത് തുടക്കം മുതൽ തന്നെ മുതിർന്ന നോതാക്കൾക്കിടയിൽ അസംതൃപ്തിക്ക് വഴിവെച്ചിരുന്നു. അതിനിടയിലാണ് ഇക്കൂട്ടരെ തഴഞ്ഞ് ആദ്യ മന്ത്രിസഭയിൽ ചൗഹാൻ സിന്ധ്യ വിഭാഗത്തുള്ള നേതാക്കളെ ഉൾപ്പെടുത്തിയത്.

മിനി മന്ത്രിസഭ
5 പേരെ ഉൾപ്പെടുത്തി കൊണ്ടുള്ള മിനി മന്ത്രിസഭയായിരുന്നും മുഖ്യമന്ത്രി ചൗഹാൻ ആദ്യം രൂപീകരിച്ചത്. ഇതിൽ സിന്ധ്യ പക്ഷത്തുള്ള രണ്ട് പേരെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ അടുത്ത മന്ത്രിസഭ വികസനത്തിനായി ബിജെപി നേതാക്കൾ ചരടുവലി ശക്തമാക്കിയിട്ടുണ്ട്. അതേസമയം പത്ത് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ആവശ്യം. ഇതിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്്.

മറുകണ്ടം ചാടിക്കും
ഇത് കൂടാതെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 22 ഇടത്തും കൂറുമാറിയെത്തിയവർക്കാണ് മത്സരിക്കാൻ അവസരം നൽകുകയെന്ന ബിജെപി പ്രഖ്യാപനവും പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികൾക്ക് വഴിവെച്ചിട്ടുണ്ട്. വിമത സ്വരം ഉയർത്തുന്ന ബിജെപി നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് ക്യാമ്പിൽ നടക്കുന്നത്.

തന്ത്രം മെനഞ്ഞ് കമൽനാഥ്
കുറഞ്ഞത് 15 സീറ്റുകൾ ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങളാണ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വത്തിൽ നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംബന്ധിച്ച് പാർട്ടി നേതാക്കളുമായി നേരിട്ടും ഫോൺ മുഖേനയും കോൺഗ്രസ് ചർച്ച നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരും ഭോപ്പാലിൽ യോഗം ചേരുന്നുണ്ട്.

20 സീറ്റുകൾ
നിലവിലെ സാഹചര്യത്തിൽ 20 സീറ്റുകളിലും വിജയിക്കാനാകുമെന്നാണ് കമൽനാഥിന്റെ കണക്ക് കൂട്ടൽ. മുതിർന്ന നേതാക്കളായ സജ്ജൻ സിംഗ് വെർമ, സുഖ്ദേവ് പാൻസേ, ദിഗ്വിജയ് സിംഗ്, പർവീൺ കക്കർ എന്നിവർക്കാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്.

ദിവസേന യോഗം
ദിവസേന വൈകീട്ട് ഈ നേതാക്കളുമായി കമൽനാഥ് രണ്ട് മണിക്കൂറോളം ചർച്ചകൾ നടത്താറുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയിലെ മുതിർന്ന നേതാക്കളെയാണ് കമൽനാഥും സംഘവും ലക്ഷ്യമിടുന്നത്. ദീപക് ജോഷി, ജയ്ഭാൻ സിംഗ് പൊവായി തുടങ്ങിയ നേതാക്കളെയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

നിരവധി നേതാക്കൾ
കഴിഞ്ഞ ദിവസം ദീപക് ജോഷി ബിജെപി നേതൃത്വത്തിനെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. തന്നെ പരിഗണിച്ചില്ലേങ്കിൽ മറ്റ് സാധ്യതകൾ തേടുമെന്നായിരുന്നു ദീപക് ജോഷി പറഞ്ഞത്.2018 ൽ ഗ്വാളിയാർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രദ്യുമാൻ സിംഗ് തോമാറിനോട് പരാജയപ്പെട്ട ജയ്ഭാൻ സിംഗ് പൊവായിയും ബിജെപി നേതൃത്വത്തിനെതിരെ തിരിട്ടുണ്ട്.

5 പേർ മടങ്ങുമെന്ന്
ഇവരെ കൂടാതെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ അഞ്ച് നേതാക്കളും പാർട്ടിയിലേക്ക് മടങ്ങി വരുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ഇവരുടെ ആവശ്യം പരിഗണിക്കപ്പെടാനുള്ള സാധ്യത ഇല്ല. ഇതോടെ ഇവർ മടങ്ങുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.












Click it and Unblock the Notifications