ബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കം
ഭോപ്പാൽ; കമൽനാഥ് സർക്കാരിനെ മറിച്ചിട്ട് മധ്യപ്രദേശിൽ അധികാരം പിടിച്ചെങ്കിലും ബിജെപിക്ക് മുന്നിൽ വെല്ലുവിളികൾ നിരവധിയാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ബിജെപിയെ സംബന്ധിച്ചുള്ള പ്രധാന കടമ്പ. ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ ഭാവി തന്നെ തിരുമാനിക്കുമെന്നതിനാൽ മികച്ച വിജയം കൈവരിക്കേണ്ടതുണ്ട്.
അതേസമയം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് പ്രതീക്ഷയാണ്. കൂടുതൽ സീറ്റുകൾ നേടിയാൽ വീണ്ടും ഭരണത്തിലേറാമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം. ഇതിനായി വൻ തന്ത്രങ്ങളാണ് കമൽനാഥിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് ക്യാമ്പിൽ ഒരുങ്ങുന്നത്.

അധികാര വടംവലി
അധികാര വടംവലിയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ പതനത്തിന് വഴിവെച്ചത്. നേതൃത്വത്തോട് ചൊടിച്ച് മുൻ എംപിയും മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറി. ഒപ്പം സിന്ധ്യയ്ക്ക് ഒപ്പമുള്ള 22 എംഎൽഎമാരും രാജിവെച്ചു. ഇതോടെ സർക്കാർ വീണു.

അധികാരം പിടിച്ച് ബിജെപി
കൂറുമാറിയെത്തിവർക്ക് മന്ത്രിസ്ഥാനവും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി പദവും രാജ്യസഭ സീറ്റുമായിരുന്നു ബിജെപിയുടെ വാഗ്ദാനം. ഒടുവിൽ 106 പേരുടെ പിന്തുണയോടെ മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറി.

കടമ്പകൾ ഏറെ
അതേസമയം ഭരണം നിലനിർത്തണമെങ്കിൽ ബിജെപിക്ക് മുൻപിൽ കടമ്പകൾ ഏറെയാണ്. മന്ത്രിസഭ വികസനമാണ് ആദ്യ കടമ്പ. കൂറുമാറിയെത്തിവർക്ക് മന്ത്രിസ്ഥാനം നൽകാൻ ചൗഹാൻ തയ്യാറായില്ലേങ്കിൽ അത് സിന്ധ്യ പക്ഷത്തിനുള്ളിൽ പുതിയ കല്ലുകടിക്ക് കാരണമാകും. ഇനി അവരെ ഉൾപ്പെടുത്തിയാൽ ബിജെപിയിലെ മുതിർന്ന നേതാക്കൾ വാളെടുക്കുമെന്ന് കാര്യത്തിൽ തർക്കമില്ല.

ഉപതിരഞ്ഞെടുപ്പ് വെല്ലുവിളി
ഇതിൽ വിജയിച്ചാലും കസേര ഉറപ്പിക്കണമെങ്കിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം നേടേണ്ടതുണ്ട്. രാജിവെച്ച കോണ്‍ഗ്രസ് വിമതര്‍-22, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും ഒരോ അംഗങ്ങളുടെ മരണം, രാജിവെച്ച ബിജെപി അഗം എന്നിങ്ങനെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

സ്ഥിതി മാറും
നിലവിൽ ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്. കോൺഗ്രസിന് 114 എംഎൽഎമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം 92 ആയി. സഭയുടെ അംഗബലമനുസരിച്ച് കേവല ഭൂരിപക്ഷത്തിന് 103 പേരുടെ പിന്തുണ മതി. അതേസമയം ഉപതിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മാറും.

സർക്കാർ താഴെ വീഴും
116 എന്ന മന്ത്രിക സംഖ്യ തൊടണമെങ്കിൽ കോൺഗ്രസിനും ബിജെപിക്കും കഠിനാധ്വാനം ചെയ്യേണ്ടി വരു. കുറഞ്ഞത് 10 സീറ്റെങ്കിലും വിജയിക്കാനയില്ലേങ്കിൽ ബിജെപി സർക്കാർ താഴെവീഴും.അതേസമയം ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. മന്ത്രിസ്ഥാനം സംബന്ധിച്ച് ബിജെപിക്കുള്ളിൽ ഉടലെടുത്ത അസംതൃപ്തിയാണ് കോൺഗ്രസ് ആയുധമാക്കാൻ ഒരുങ്ങുന്നത്.

ദഹിക്കാതെ നേതാക്കൾ
ജ്യോതിരാദിത്യ സിന്ധ്യയുടെ വരവ് പല ബിജെപി നേതാക്കൾക്കും ദഹിച്ചിട്ടില്ല. ഇതിനോടകം തന്നെ നേതാക്കൾ ഈ അതൃപ്തി പരസ്യമായും രഹസ്യമായും പ്രകടിപ്പിച്ചിട്ടുണ്ട്. കൂറുമാറിയെത്തിവർക്ക് മന്ത്രിസ്ഥാനം നൽകിയാൽ അത് ഭിന്നത രൂക്ഷമാക്കും. അതിനിടെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള ചരടുവലികൾ ബിജെപി ക്യാമ്പിൽ ശക്തമായിട്ടുണ്ട്.

മറുകണ്ടം ചാടിക്കും
കോണ്‍ഗ്രസ് വിട്ട 22 എംഎൽഎമാരും ബിജെപി സ്ഥാനാർത്ഥികളായി വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇത് പ്രായോഗികമല്ല. പല നിയോജകമണ്ഡലത്തിലേയും ബിജെപി നേതൃത്വം വിമതരായി എത്തുന്നവര്‍ക്കെതിരെ നിലപാട് സ്വീകരിക്കും എന്നതിൽ തർക്കമില്ല. ഇത് കോൺഗ്രസിൻറെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. ഇത്തരക്കാരെ മറുകണ്ടം ചാടിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

നേതാക്കളുടെ നിലപാട്
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവായ ജയ്ഭാൻ സിംഗ് പൊവായിയ ഗ്വാളിയർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രദ്യുമാൻ സിംഗ് തോമാറിനോട് പരാജയപ്പെട്ടതാണ്. ഇക്കുറി മണ്ഡലത്തിൽ മത്സരിക്കണെന്നാണ് പൊവാവിയുടെ നീക്കം. പ്രദ്യുമാനെ തന്നെ ബിജെപി മത്സരിപ്പിച്ചാൽ പൊവായിയ കോൺഗ്രസ് ക്യാമ്പിൽ എത്തും എന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.

അതൃപ്തി പുകയുന്നു
ചൗഹാൻ മന്ത്രിസഭയിൽ അംഗമായ ഗോവിന്ദ് രാജ്പുതിനോട് 2018 ൽ സുർക്കി മണ്ഡലത്തിൽ പരാജയപ്പെട്ട നേതാവാണ് സുധീർ യാദവ്. ഗോവിന്ദ് ഇതിനോടകം തന്നെ ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് യാദവിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കൂറുമാറിയെത്തിയ പ്രഭുറാം ചൗധരി ബിജെപിയിലെ മുതിർന്ന നേതാവ് മുദിത് ഷേജ്വാറിന് വെല്ലുവിളിയാണ്.

മുൻ നിരയിൽ തന്നെ
മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുൻ മന്ത്രിയുമായ ദീപക് ജോഷിയുടെ ഹത്പിപല്യ സീറ്റു ഇക്കുറി അദ്ദേഹത്തിന് ലഭിച്ചേക്കില്ല. 2018 ൽ കോൺഗ്രസിൽ നിന്ന് എത്തിയ മനോജ് ചൗധരിയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. മത്സരിക്കാൻ ചൗധരി മുൻപന്തയിൽ തന്നെ ഉണ്ട്.

മടങ്ങി വരുമോ?
ഇത്തരത്തിൽ ബിജെപിയിൽ അതൃപ്തരായവരുടെ ലിസ്റ്റ് ഇനിയും ഉയർന്നേക്കുമെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. ഇവരിൽ നിന്നും പല നേതാക്കളും ഇതിനോടകം കോൺഗ്രസുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും നേതാക്കൾ അവകാശപ്പെടുന്നുണ്ട്. ഇതോടെ അധികാരം തിരിച്ച് പിടിക്കാനുള്ള 1 സീറ്റ് എളുപ്പം നേടാനാകുമെന്ന കണക്ക് കൂട്ടിലാണ് കോൺഗ്രസ്.












Click it and Unblock the Notifications