രാഹുലിന്റെ യാത്രയേക്കാള്‍ ജനപ്രീതി എന്റെ യാത്രയ്ക്ക്; വെടിപൊട്ടിച്ച് കമല്‍നാഥിന്റെ മകന്‍, കാരണം..?
ഭോപ്പാല്‍: കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ടത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. യാത്ര വന്‍ വിജയമാണ് എന്നും ഉറങ്ങിക്കിടന്ന കോണ്‍ഗ്രസ് കോട്ടകളെ പിടിച്ച് കുലുക്കാന്‍ യാത്രക്ക് സാധിച്ചു എന്നുമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശമാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയേക്കാള്‍ കൂടുതല്‍ ജനപ്രീതി തന്റെ റാലിക്ക് ഉണ്ട് എന്നും ഭാരത് ജോഡോ യാത്രയേക്കാള്‍ കൂടുതല്‍ ജനക്കൂട്ടത്തെ തന്റെ റാലിയില്‍ കണ്ടെന്നുമാണ് കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥിന്റെ അവകാശവാദം. നകുല്‍നാഥിന്റെ അവകാശവാദം ഇതിനോടകം ബി ജെ പി ആയുധമാക്കിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി നടത്തിയ പല പൊതുയോഗങ്ങളിലും പങ്കെടുത്തതിനേക്കാള്‍ കൂടുതലാണ് തന്റെ റാലിയിലെ ജനപങ്കാളിത്തം എന്നാണ് നകുല്‍ നാഥ് പറയുന്നത്. ഞാന്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം മധ്യപ്രദേശ് മുഴുവന്‍ പോയി. എന്നാല്‍ ഭാരത് ജോഡോ യാത്രയേക്കാള്‍ കൂടുതല്‍ ജനത്തിരക്കാണ് ഇവിടെയുള്ളതെന്ന് ബെറാസിയയിലെ ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് നകുല്‍നാഥ് പറയുന്നത്.

ഇതിന്റെ വീഡിയോ നിരവധി ബി ജെ പി നേതാക്കള്‍ പങ്കിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ പോലും രാഹുല്‍ ഗാന്ധിയെ നേതാവായി കണക്കാക്കാത്തപ്പോള്‍ മറ്റ് സഖ്യകക്ഷികളും രാജ്യത്തെ ജനങ്ങളും എങ്ങനെയാണ് അദ്ദേഹത്തെ ഗൗരവമായി കാണുക എന്നാണ് ബി ജെ പി വക്താവ് ഷെഹ്സാദ് പൂനാവാല പറയുന്നത്. ലോക്സഭയില്‍ ചിന്ദ്വാര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പിയാണ് നകുല്‍നാഥ്.

ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലൂടെ കടന്നുപോയപ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നകുല്‍നാഥും പങ്കാളിയായിരുന്നു. മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും എന്നതിലുപരി നകുല്‍നാഥിന്റെ പിതാവ് കമല്‍നാഥിന് പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന ട്രബിള്‍ഷൂട്ടര്‍ എന്ന വിശേഷണവും ഉണ്ട്. സോണിയാ ഗാന്ധി പലപ്പോഴും വിന്യസിച്ചിരുന്നത് കമല്‍നാഥിനെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും സംസ്ഥാന ഘടകങ്ങളിലെ ഭിന്നിപ്പ് ഒഴിവാക്കാനും ചുമതലപ്പെടുത്തിയിരുന്നു.

അടുത്തിടെ രാജസ്ഥാനിലെ വിഭാഗീയത നികത്താനും കമല്‍നാഥിനെ ഹൈക്കമാന്റ് നിയോഗിച്ചിരുന്നു. 2018 ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായ അധികാരമേറ്റെടുത്ത കമല്‍നാഥിന് ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റമാണ് വിനയായത്. 20 ലേറെ എം എല്‍ എമാരുമായി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയില്‍ ചേര്‍ന്നതോടെ രണ്ട് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം താഴെ വീഴുകയായിരുന്നു.












Click it and Unblock the Notifications