കങ്കണ റണാവത്ത് സിനിമയിൽ നിന്ന് വാങ്ങുന്നത് 25 കോടി വരെ, എംപിയായി വാങ്ങുന്നത്? അറിയാം
സിനിമയുടെ ലോകത്തുനിന്ന് രാഷ്ട്രീയരംഗത്തേക്ക് വിജയകരമായി ചുവടുമാറിയ നിരവധി ബോളിവുഡ് താരങ്ങൾ ഉണ്ട്. കങ്കണ റണാവത്ത്, അരുൺ ഗോവിൽ, രവി കിഷൻ, ജയ ബച്ചൻ എന്നിവരെല്ലാം തന്നെ രാഷ്ട്രീയ ഭാഗ്യപരീക്ഷണത്തിൽ വിജയിച്ചവരാണ്. നിലവിൽ എംപിമാരായി സേവനമനുഷ്ഠിക്കുകയാണ് ഇവർ. സിനിമയിൽ നിന്ന് വരുമാനം നേടുന്നതിനൊപ്പം പാർലമെന്റ് അംഗങ്ങൾ എന്ന നിലയിൽ സർക്കാർ ശമ്പളവും അലവൻസുകളും കൈപ്പറ്റുന്നവരാണ് ഈ താരങ്ങൾ. ഈ താര-രാഷ്ട്രീയപ്രവർത്തകർക്ക് പാർലമെന്റ് അംഗം എന്ന നിലയിൽ ലഭിക്കുന്ന വരുമാനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാം
ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്.സിനിമയിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാണ് അവർ. റിപ്പോർട്ടുകൾ പ്രകാരം, ഒരു ചിത്രത്തിനായി അവർ 12 മുതൽ 15 കോടി രൂപ വരെയാണ് ഈടാക്കുന്നത്. 'തലൈവി' പോലുള്ള വലിയ പ്രൊജക്റ്റുകൾക്ക് 25 കോടിയും, 'എമർജൻസി'ക്ക് 15 കോടിയും അവർ കൈപ്പറ്റിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവർക്ക് സമീപകാലത്ത് 15 മുതൽ 27 കോടി രൂപ വരെ പ്രതിഫലം ലഭിച്ചതായുള്ള റിപ്പോർട്ടുകളും ഉണ്ട്.

എന്നാൽ എംപിയെന്ന നിലയിൽ ഒരു ലക്ഷം രൂപയാണ് കങ്കണയുടെ പ്രതിഫലം. മാർച്ചിൽ പ്രാബല്യത്തിൽ വന്ന 24 ശതമാനം വർദ്ധനവോടെ, അവരുടെ പ്രതിമാസ ശമ്പളം 1.24 ലക്ഷമായി ഉയർന്നിട്ടുണ്ട്. ശമ്പളത്തിന് പുറമെ എംപി എന്ന നിലയിൽ കങ്കണ റണാവത്തിന് മറ്റ് ചില ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. പ്രതിമാസം 87,000 മണ്ഡലം അലവൻസായും, ഓഫീസ് ചിലവുകൾക്കും സ്റ്റാഫ് ശമ്പളത്തിനുമായി പ്രതിമാസം 75,000 രൂപയുമാണ് ലഭിക്കുന്നത് കൂടാതെ, പ്രതിദിനം 2,500 വീതം യാത്രാബത്തയും ഉണ്ട്. കങ്കണ സിനിമയിൽ വാങ്ങുന്ന പ്രതിഫലത്തിൻ്റെ ഏഴയലത്ത് പോലും വരില്ല ഈ തുക.
ഇനി ജയ ബച്ചൻ്റെ കാര്യമെടുത്താൽ ബോളിവുഡിലെ മിന്നുംതാരങ്ങളിൽ ഒരാളായിരുന്നു ജയ ബച്ചൻ. നിലവിൽ മുൻനിരയിലുള്ള അഭിനേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ, ഒരു ചിത്രത്തിനായി അവർ വാങ്ങുന്ന പ്രതിഫലം താരതമ്യേന കുറവാണ്. ലഭിക്കുന്ന കഥാപാത്രത്തെയും നിർമ്മാണ കമ്പനിയെയും ആശ്രയിച്ച്, ഒരു സിനിമയ്ക്ക് 1 കോടി രൂപ മുതൽ 3 കോടി രൂപ വരെയാണ് അവർ ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.
രാജ്യസഭാ എംപിയായ ജയ ബച്ചനും പ്രതിമാസ ശമ്പളവും 1.24 ലക്ഷം രൂപയാണ്. ഇതുകൂടാതെ 87,000 മണ്ഡലം അലവൻസായും, പ്രതിദിനം 2,500 യാത്രാബത്തയായും അവർക്ക് ലഭിക്കും. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങളും അലവൻസുകളും അവർക്ക് അർഹതപ്പെട്ടതാണ്. നടൻ അരുൺ ഗോവിലും ഗോരഖ്പൂരിൽ നിന്നുള്ള ബിജെപി എംപിയായ രവി കിഷനും ഇതേ തുക തന്നെയാണ് പാർലമെൻ്റ് അംഗങ്ങളെന്ന നിലയിൽ കൈപ്പറ്റുന്ന ശമ്പളം.












Click it and Unblock the Notifications