സഞ്ജയ് റാവത്തിനെതിരെ വീഡിയോ കോള്‍ ഭീഷണി, കങ്കണയുടെ ആരാധകന് അറസ്റ്റില്‍, വിടാതെ ശിവസേന!!
കൊല്‍ക്കത്ത: കങ്കണ റനൗത്തുമായുള്ള പോരാട്ടം തുടര്‍ന്ന് ശിവസേന. നടിയുടെ ആരാധകനെ കൊല്‍ക്കത്തയില്‍ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെതിരെ വീഡിയോ കോളില്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പലാഷ് ഘോഷ് എന്നാണ് ഇയാളുടെ പേര്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കും. മുംബൈയിലേക്ക് കൂടുതല്‍ ചോദ്യം ചെയ്യാനായി കൊണ്ടുവരും. ഇയാള്‍ ജിമ്മിലെ ട്രെയിനറാണ്. കങ്കണയുടെ ആരാധകനാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
ഇയാള്‍ രണ്ട് കോളുകളാണ് ചെയ്തത്. ഒന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസിലേക്കാമ്. രണ്ടാമത്തേത് സഞ്ജയ് റാവത്തിനും. കടുത്ത പ്രത്യാഘാതങ്ങള്‍ കങ്കണ വിഷയത്തില്‍ നേരിടേണ്ടി വരുമെന്ന് പലാഷ് ഘോഷ് റാവത്തിനെ ഭീഷണിപ്പെടുത്തി. മുംബൈ പോലീസ് ടീം കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
സോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കങ്കണ; 'നിങ്ങളും ഒരു സ്ത്രീയല്ലേ;നിശബ്ദത വിലയിരുത്തപ്പെടും
ഇതിനിടെ കങ്കണ തനിക്ക് നേരിടുന്ന പ്രശ്നത്തില്‍ സോണിയാ ഗാന്ധി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ പ്രതികരിച്ചിട്ടില്ല. ശിവസേന നേതാവ് അനില്‍ പരബ് ബിഎംസി നടപടിയില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തി.
രാംദാസ് അത്തവാലെയ്ക്കോ ബിജെപിക്കോ ഗവര്‍ണര്‍ക്കോ എന്താണ് വേണ്ടത്. കങ്കണയുടെ അനധികൃത നിര്‍മാണം പൊളിക്കരുതെന്നാണോ പറയുന്നത്. അവര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം അന്വേഷിക്കരുതെന്നാണോ പറയുന്നത്. അങ്ങനെയാണെങ്കില്‍ അക്കാര്യം ഇവര്‍ തുറന്ന് പറയണമെന്നും അനില്‍ പരബ് ആവശ്യപ്പെട്ടു.
അതേസമയം എന്‍സിപി നേതാവ് ഛഗന്‍ ബുജ്ബല്‍ ബിഎംസിയുടെ നീക്കത്തിനെതിരെ രംഗത്തെത്തി. കങ്കണയ്ക്ക് കെട്ടിടം പൊളിക്കുന്നതിന് മുമ്പ് കുറച്ച് കൂടി സമയം നല്‍കണമായിരുന്നു. ഹൃതിക് റോഷനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ബിഎംസി പഠിക്കാനുണ്ടെന്നും ബുജ്ബല്‍ പറഞ്ഞു.
കങ്കണ ഒരുപാട് ആരോപണങ്ങള്‍ ഹൃതിക്കിനെതിരെ ഉന്നയിച്ചു. എന്നാല്‍ അദ്ദേഹം മിണ്ടാതിരുന്നു. ആ വിവാദം തനിയെ കെട്ടടങ്ങി. സമാനമായ രീതി നമ്മളും മിണ്ടാതിരിക്കുന്നതായിരുന്നു നല്ല. അത് തനിയെ കെട്ടടങ്ങി പോവുമായിരുന്നെന്നും ഛഗന്‍ ബുജ്ബല്‍ പറഞ്ഞു.
ദേവേന്ദ്ര ഫട്നാവിസിനും അദ്ദേഹം മറുപടി നല്കി. ദാവൂദിന്റെ വസ്തുവകകള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്നായിരുന്നു ഫട്നാവിസിന്റെ ചോദ്യം. ഫട്നാവിസ് ആദ്യം പറയുന്ന കാര്യം കൃത്യമായി പരിശോധിക്കണം. ദാവൂദ് സ്വത്തുക്കള്‍ക്കെതിരെ പലപ്പോഴായി നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും ബുജ്ബല്‍ പറഞ്ഞു. അതേസമയം കങ്കണയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരാട്ടമല്ല ഇപ്പോള്‍ നടക്കുന്നതെന്നും, ബിഎംസിയാണ് അവര്‍ക്കെതിരെ നടപടിയെടുത്തതെന്നും ശരത് പവാര്‍ പറഞ്ഞു.