ദേശവിരുദ്ധര്‍ക്കെതിരെ സംസാരിച്ചു, നഷ്ടമായത് 40 കോടി, പരസ്യങ്ങളും കൈവിട്ടെന്ന് കങ്കണ
മുംബൈ: രാഷ്ട്രീയ വിഷയങ്ങളില്‍ താന്‍ അഭിപ്രായങ്ങള്‍ പറയുന്നത് കൊണ്ട് വലിയ നഷ്ടങ്ങളുണ്ടായെന്ന് ബോളിവുഡ് നടി കങ്കണ റനാവത്ത്. തന്നെ 25ഓളം ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ നിന്നാണ് നീക്കം ചെയ്തതെന്ന് കങ്കണ വെളിപ്പെടുത്തി. തനിക്ക് നഷ്ടമായത് നാല്‍പ്പതോളം കോടി രൂപയാണെന്നും, എല്ലാ വര്‍ഷവും ഇത്ര തുക തന്നെ നഷ്ടമാവാറുണ്ടെന്നും കങ്കണ വ്യക്തമാക്കി.
രാഷ്ട്രീയ വിഷയങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നത് കൊണ്ട് പലരും തന്നെ പരസ്യങ്ങളില്‍ നിന്നടക്കം ഒഴിവാക്കുകയാണെന്നും നടി പറഞ്ഞു. ഇത് ആദ്യമായിട്ടാണ് രാഷ്ട്രീയ നിലപാടിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുന്നുവെന്ന് നടി വ്യക്തമാക്കുന്നത്.

നേരത്തെ പലപ്പോഴും ബിജെപി-മോദി അനുകൂല നിലപാടുകള്‍ നടി സ്വീകരിച്ചിട്ടുണ്ട്. ഇലോണ്‍ മസ്‌കിന്റെ ഒരു വീഡിയോ പങ്കുവെച്ചാണ് നടി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ പറയും. അതിന്റെ പ്രത്യാഘാതമായി പണം നഷ്ടപ്പെടുന്നുവെങ്കില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്ന് മസ്‌ക് വീഡിയോയില്‍ പറയുന്നുണ്ട്.
ഇതൊരു വ്യക്തിത്വമാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യവും വിജയവുമാണ്. ഹിന്ദൂയിസത്തിന് വേണ്ടി സംസാരിക്കുന്നതും, രാഷ്ട്രീയക്കാര്‍ക്കും, ദേശവിരുദ്ധര്‍ക്കും, തുക്‌ഡെ ഗ്യാംഗിനുമെതിരെ സംസാരിക്കുകയും ചെയ്തത് തനിക്ക് വലിയ നഷ്ടങ്ങളുണ്ടാക്കി. 25ഓളം പരസ്യങ്ങളാണ് തനിക്ക് നഷ്ടമായതെന്ന് കങ്കണ പറഞ്ഞു.ഒരൊറ്റ രാത്രി കൊണ്ടാണ് പരസ്യ കമ്പനികളെല്ലാം തന്നെ ഒഴിവാക്കിയത്.
എന്താണ് കാരണം എന്ന് പോലും പറഞ്ഞിരുന്നില്ല. അതിലൂടെ തനിക്ക് ഒരു വര്‍ഷമുണ്ടാകുന്നത് നാല്‍പ്പത് കോടിയോളം രൂപയാണ്. തനിക്ക് പറയാനുള്ളത് എപ്പോഴാണെങ്കിലും പറയും. എന്ത് കാര്യമാണെങ്കിലും പറയും. അതില്‍ നിന്ന് തന്നെ തടയാന്‍ ആര്‍ക്കുമാവില്ലെന്നും കങ്കണ വ്യക്തമാക്കി. ഞാന്‍ സ്വതന്ത്രയാണ്. എനിക്ക് എന്തും പറയാന്‍ സാധിക്കും. എനിക്ക് അജണ്ടകളുള്ള മള്‍ട്ടി നാഷണല്‍ കമ്പനികളെയും, അവരുടെ കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളെയും ഇഷ്ടമല്ല. അവര്‍ ഇന്ത്യയെയും, അതിന്റെ സംസ്‌കാരത്തെയും ഏറെ വെറുക്കുന്നവരാണെന്നും കങ്കണ പറഞ്ഞു.
ഇലോണിനെ അക്കാര്യത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാവരും ദൗര്‍ബല്യങ്ങളാണ് പ്രകടമാക്കുക. കുറച്ച് പണക്കാരെങ്കിലും പണത്തിനെ കുറിച്ച് അധികം കാര്യമാക്കുന്നില്ലെന്ന് പറയുന്നത് നല്ല കാര്യമാണ്. പണക്കാരാവുന്നതിന് അനുസരിച്ച് അവര്‍ കൂടുതല്‍ മോശക്കാരായി വരികയാണ് ചെയ്യാറുള്ളതെന്നും കങ്കണ പറഞ്ഞു. നേരത്തെ രാജ്യത്തെ മള്‍ട്ടിപ്ലെക്‌സുകള്‍ നഷ്ടം നേരിടുന്നതിനെ കുറിച്ച് അവര്‍ സംസാരിച്ചിരുന്നു.
തിയേറ്ററില്‍ പോകുന്നത് വളരെ ചെലവേറിയ കാര്യമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പിവിആറിന് 333 കോടി നഷ്ടം വന്നുവെന്നും,അന്‍പതോളം തിയേറ്ററുകള്‍ അവര്‍ അടച്ചുപൂട്ടാന്‍ പോവുകയാണെന്നും ഈ ട്വീറ്റില്‍ പറയുന്നുണ്ട്. കൂടുതല്‍ തിയേറ്ററുകള്‍ രാജ്യത്ത് വേണമെന്ന് കങ്കണ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി സിനിമാ മേഖലയ്ക്ക് ഗുണകരമല്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications