കങ്കണ റണാവത്ത് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; ബിജെപി ടിക്കറ്റില്‍ ജനവിധി തേടും, ഏത് മണ്ഡലം?
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കങ്കണ മല്‍സരിക്കുമെന്ന് നടിയുടെ പിതാവ് അമര്‍ദീപ് റണാവത്ത് ന്യൂസ് 18യോട് പറഞ്ഞു. ബിജെപി ടിക്കറ്റിലാകും മല്‍സരിക്കുക എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും ആദ്യമായാണ് പ്രതികരണം വരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പതിവായി പുകഴ്ത്തുന്ന നടിയാണ് കങ്കണ. മത്രമല്ല, പ്രതിപക്ഷ കക്ഷികളുമായി അവര്‍ കൊമ്പുകോര്‍ക്കാറുമുണ്ട്. ശിവസേനയും കങ്കണയും തമ്മിലുള്ള പോര് നേരത്തെ മഹാരാഷ്ട്രയില്‍ വലിയ ചര്‍ച്ചയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കങ്കണ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ഞായറാഴ്ച അവര്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി ചര്‍ച്ച നടത്തിയത്.

ശാസ്ത്രി നഗറിലെ ജെപി നദ്ദയുടെ വീട്ടിലെത്തിയാണ് കങ്കണ ചര്‍ച്ച നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ചര്‍ച്ചയായത് എന്നായിരുന്നു തൊട്ടുപിന്നാലെ വന്ന വാര്‍ത്തകള്‍. ബിജെപിക്ക് വേണ്ടി കങ്കണ മല്‍സരിക്കുമെന്ന് ഇപ്പോള്‍ പിതാവ് സ്ഥിരീകരിക്കുകയം ചെയ്തു. ഏത് മണ്ഡലത്തിലാണ് കങ്കണ ജനവിധി തേടുക എന്നാണ് ഇനി അറിയാനുള്ളത്.
ഏത് മണ്ഡലത്തിലാണ് കങ്കണ മല്‍സരിക്കുക എന്ന് വ്യക്തമല്ല. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് അവര്‍. ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഏതെങ്കിലും മണ്ഡലത്തിലാകും സ്ഥാനാര്‍ഥിയാകുക എന്നാണ് പ്രചാരണം. ഇക്കാര്യത്തില്‍ വൈകാതെ സ്ഥിരീകരണമുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ അടിയന്തരാവസ്ഥ പ്രമേയമാക്കിയാണ് കങ്കണയുടെ അടുത്ത ചിത്രം വരുന്നത്.
അടിയന്തരാവസ്ഥ പ്രമേയമാക്കിയുള്ള ചിത്രം ഈ വര്‍ഷം നവംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സിനിമ റിലീസ് ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് റിലീസ് മാറ്റിയത് എന്നും അഭ്യൂഹമുണ്ട്. അനുപം ഖേര്‍, മഹിമ ചൗധരി, ശ്രേയസ് തല്‍പഡെ, സതീഷ് കൗഷിക് തുടങ്ങിയവരും എമര്‍ജന്‍സി ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.
തേജസ് എന്ന ചിത്രമാണ് കങ്കണയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. വേണ്ടത്ര വിജയം നേടാന്‍ സാധിക്കാതെ പോയ സിനിമയാണ് തേജസ്. വലിയ ആരാധകവൃന്ദമുള്ള കങ്കണ ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ മല്‍സരിക്കുമെന്നാണ് അടുത്തിടെ ഗുജറാത്തില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ കങ്കണ പ്രതികരിച്ചത്.












Click it and Unblock the Notifications