ഭഗത് സിംഗ് ജന്മവാർഷിക ദിനത്തിൽ കനയ്യയും ജിഗ്നേഷും കോൺഗ്രസിലേക്ക്?നേതാക്കളുടെ നീക്കം ഇങ്ങനെ
പട്ന; ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ ചെയർമാനും സിപിഐ നേതാവുമായ കനയ്യ കുമാർ കുമാർ കോൺഗ്രസിൽ ചേരുമോ?കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യുന്ന 'ചൂടുള്ള വാർത്തയാണ്' ഇത്. പുതിയ രാഷ്ട്രീയ ഇന്നിംഗ്സ് ലക്ഷ്യം വെച്ച് കോൺഗ്രസിലേക്ക് ചേരാൻ തയ്യാറെടുക്കുകയാണ് കനയ്യയെന്നും അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമൊക്കെയായിരുന്നു വാർത്തകൾ. എന്നാൽ പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നായിരുന്നു സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം വാർത്തകൾ ചൂട് പിടിക്കുമ്പോഴും കനയ്യ കുമാർ പരസ്യമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ പ്രചരിച്ചത് വെറും അഭ്യൂഹങ്ങൾ അല്ലെന്നും ഈ മാസം 28 ന് കനയ്യ ഔദ്യോഗികമായി തന്നെ കോൺഗ്രസിൽ ചേരുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ നേതൃത്വവുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കനയ്യയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻറെ അനുയായികൾ സിപിഐ സംസ്ഥാന ഓഫിസ് സെക്രട്ടറി ഇന്ദുഭൂഷണെ കയ്യേറ്റം ചെയ്ത പേരിൽ കനയ്യയ്ക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. ഇതായിരുന്നു കനയ്യയെ ചൊടിപ്പിച്ചത്. മാത്രമല്ല ഡി രാജയുമായും കനയ്യ കുമാർ അകൽച്ചയിലാണെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പുതിയ തുടക്കം കോൺഗ്രസിലൂടെ നടത്താൻ കനയ്യ ശ്രമിക്കുന്നതെന്നായിരുന്നു വാർത്തകൾ. സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി ഇത് സംബന്ധിച്ച് കനയ്യ നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായും വാർത്തകൾ വന്നിരുന്നു. പ്രശാന്ത് കിഷോറാണ് കൂടിക്കാഴ്ചയ്ക്ക് ചുക്കാൻ പിടിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇതിനിടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച കനയ്യ ദില്ലിയിൽ രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയതായി വാർത്തകൾ വന്നു.കനയ്യയെ പാർട്ടിയിലേക്ക് എടുക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വവും സജീവമായി ആലോചിക്കുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ കനയ്യ കോൺഗ്രസിലേക്ക് എന്ന് എത്തുമെന്ന് ഔദ്യോഗികമായി പ്രതികരിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. അതേസമയം വാർത്തകൾ ചൂട് പിടിച്ചതോടെ കനയ്യയെ അനുനയിപ്പിക്കാൻ സിപിഐ നേതൃത്വം ശ്രമങ്ങൾ ആരംഭിച്ചുവെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തന്നെ രംഗത്തിറങ്ങിയാണ് കനയ്യകുമാറിനെ അനുനയിപ്പിക്കാന്‍ നീക്കം നടത്തിയതെന്നായിരുന്നു വാർത്തകൾ. തുടർന്ന് കനയ്യ മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി ഡി രാജ പ്രതികരിച്ചു. എന്നാൽ കനയ്യയുടെ അതൃപ്തികൾ പരിശോധിക്കാമെന്ന നിലപാട് അല്ലാതെ അദ്ദേഹത്തെ പാർട്ടിയിൽ പിടിച്ച് നിർത്തണമെന്ന വികാരം ബിഹാർ ഘടകത്തിന് ഇല്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കോൺഗ്രസിൽ തന്നെ തന്റെ വഴി തേടാനാണ് കനയ്യയടെ നീക്കം എന്നാണ് ഏറ്റവും പുതിയ വിവരം.

ഭഗത് സിംഗിൻ്റെ ജന്മവാർഷിക ദിനത്തിൽ കനയ്യ കോൺഗ്രസിൽ ഔദ്യോഗികമായി ചേരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനയ്യുടെ വരവ് സംസ്ഥാന രാഷ്ട്രീയത്തിൽ പാർട്ടിക്ക് ഗുണകമരമാകുമെന്നും കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർശിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. അതേസമയം കമയ്യയ്ക്കൊപ്പം തന്നെ ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. മേവാനിയുടെ വരവ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ബൂസ്റ്റാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഗുജറാത്തിലെ വഡ്ഗാം സീറ്റിൽ നിന്നുള്ള എംഎൽഎയായ മേവാനി 2017 ൽ 19696 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്.












Click it and Unblock the Notifications