ദില്ലിയിലെ കൊടും തണുപ്പിലും രാഹുലിന് ടീ ഷർട്ട് മാത്രം, കാരണം എന്തെന്ന് പറഞ്ഞ് കനയ്യ കുമാർ
ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര 100 ദിവസവും പിന്നിട്ട് മുന്നോട്ട് പോവുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നും കാല്‍നടയായി ആരംഭിച്ച യാത്ര മൂവായിരം കിലോമീറ്റര്‍ പിന്നിട്ട് രാജ്യതലസ്ഥാനമായ ദില്ലിയില്‍ എത്തി നില്‍ക്കുകയാണ്. ഡിസംബറിലെ കനത്ത തണുപ്പില്‍ വിറച്ച് നില്‍ക്കുകയാണ് ദില്ലി. നേതാക്കളും പ്രവര്‍ത്തകരും അടക്കം ജാഥയില്‍ പങ്കെടുക്കുന്നവര്‍ ഓവര്‍ കോട്ടുകളും സ്വറ്ററുകളും മറ്റും ധരിച്ച് തണുപ്പിനെ പ്രതിരോധിക്കുന്നു.
എന്നാല്‍ ജാഥയെ നയിക്കുന്ന രാഹുല്‍ ഗാന്ധി ആകട്ടെ തുടക്കം മുതലുളള ഹാഫ് സ്ലീവ് ടീ ഷര്‍ട്ടില്‍ തന്നെ യാത്ര തുടരുകയാണ്. ദില്ലിയിലെ കൊടും തണുപ്പിനെ എങ്ങനെയാണ് രാഹുല്‍ ഗാന്ധിയുടെ ശരീരത്തിന് പ്രതിരോധിക്കാന്‍ സാധിക്കുന്നത് എന്ന ആശ്ചര്യം എല്ലാവര്‍ക്കുമുണ്ട്. അതിനുളള ഉത്തരം തുടക്കം മുതല്‍ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുളള യുവനേതാവ് കനയ്യ കുമാറിന്റെ പക്കലുണ്ട്.

ബിജെപിയില്‍ നിന്നുളള വെറുപ്പിന്റെ നിരന്തരമായ ആക്രമണം നേരിട്ട് അദ്ദേഹത്തിന്റെ ശരീരത്തിന് കരുത്ത് വര്‍ധിച്ചുവെന്നും അതുകൊണ്ടാണ് ദില്ലിയിലെ അതിശൈത്യത്തിലും വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച് രാഹുല്‍ ഗാന്ധിക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നത് എന്നുമാണ് കനയ്യ കുമാറിന്റെ മറുപടി. വിലക്കയറ്റത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും മോചനം വേണം എന്നാണെങ്കില്‍ നമ്മള്‍ ഐക്യത്തോടെ ഒന്നിച്ച് നില്‍ക്കണം എന്നതാണ് ഭാരത് ജോഡോ യാത്ര നല്‍കുന്ന സന്ദേശം. രാജ്യത്തും ആളുകളുടെ ഹൃദയത്തിലും സ്‌നേഹമുണ്ട് എന്ന പ്രതീക്ഷയാണ് ഉളളതെന്നും കനയ്യ കുമാര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് ഭാരത് ജോഡോ യാത്ര ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും ദില്ലിയിലേക്ക് പ്രവേശിച്ചത്. കൊവിഡ് ആശങ്ക വീണ്ടും ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഭാരത് ജോഡോ യാത്രയില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ കത്തയച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ മാസ്‌ക് ധരിക്കാതെയാണ് യാത്ര തുടരുന്നത്. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് യാത്രയില്‍ ചേര്‍ന്നിരുന്നു. ഇന്ന് താല്‍ക്കാലികമായി സമാപിക്കുന്ന യാത്ര 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും വീണ്ടും തുടരുക.












Click it and Unblock the Notifications