കനയ്യകുമാർ കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക്; വിദ്യാർത്ഥി സംഘടനയുടെ ചുമതല നൽകി
ഡൽഹി: യുവ നേതാവ് കനയ്യ കുമാറിന് പുതിയ ചുമതല നൽകി കോൺഗ്രസ് ദേശീയ നേതൃത്വം. എൻ എസ് യു ചുമതലയുളള എ ഐ സിസി ഭാരവാഹിയായിട്ടാണ് നിയമനം. കനയ്യ കുമാറിനെ ഡൽഹി സംസ്ഥാന അധ്യക്ഷനാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ പദവി.
കോൺഗ്രസ് ഡൽഹി സംസ്ഥാന അധ്യക്ഷൻ അല്ലെങ്കിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ എന്നീ പദവികളിലേതെങ്കിലും കനയ്യയെ പരിഗണിച്ചേക്കുമെന്ന തരത്തിലായിരുന്നു അടുത്തിടെ അഭ്യൂഹങ്ങൾ ഉയർന്നത്. കോൺഗ്രസിലേക്ക് വന്നത് മുതൽ കനയ്യ കുമാറിന് സുപ്രധാന പദവി നൽകണമെന്ന ചർച്ച പാർട്ടിയിൽ ഉണ്ടായിരുന്നു. ആദ്യം ബിഹാർ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിലെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ കടുത്ത എതിർപ്പുയർത്തി.

ബിഹാർ മഹാസഖ്യത്തിൽ ആർ ജെ ഡി, സി പി ഐ സഖ്യകക്ഷികൾക്കും കനയ്യ കുമാറിനോടു താൽപര്യക്കുറവുണ്ടായിരുന്നു. ഇതോടെയാണ് ഈ നീക്കത്തിൽ നിന്നും കോൺഗ്രസ് നേതൃത്വം പിന്തിരിഞ്ഞത്. പിന്നാലെയാണ് ഡൽഹിയിൽ കനയ്യയെ അവതരിപ്പിക്കാനുള്ള ചർച്ചകൾ പാർട്ടിയിൽ ഉടലെടുത്തത്. രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കനയ്യയുടെ വരവ് ഗുണം ചെയ്യുമെന്ന നിലയ്ക്കായിരുന്നു ചർച്ചകൾ.
ഡൽഹി വോട്ടർമാരിൽ വലിയൊരു ഭാഗം യുപി - ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ കനയ്യ കുമാറിന് പിന്തുണ കിട്ടുമെന്നും നേതൃത്വം കരുതിയിരുന്നു. മാത്രമല്ല ഡൽഹി പോലൊരു ഇടത്ത് ജെ എൻ യുവിൽ നിന്നുള്ള തീപ്പൊരു നേതാവ് എത്തുന്നത് യുവാക്കളുടെ പിന്തുണ ലഭിക്കാനും കാരണമാകുമെന്നായിരുന്നു ചർച്ചകൾ. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോഴത്തെ നിയമനം. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കനയ്യക്ക് സുപ്രധാന പദവി ലഭിച്ചേക്കുമെന്ന് തന്നെയാണ് വിലയിരുത്തലുകൾ.
2021 ലായിരുന്നു ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റും സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേർന്നത്. കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ലെങ്കില്‍ രാജ്യം രക്ഷപ്പെടില്ലെന്നായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് കനയ്യ കുമാര്‍ അഭിപ്രായപ്പെട്ടത്. ഭരണഘടന സംരക്ഷിക്കാനാണ് താൻ സി പി ഐ വിട്ട് കോൺഗ്രസിൽ ചേർന്നതെന്നും കനയ്യ കുമാർ പറഞ്ഞിരുന്നു. ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications