കനയ്യ കുമാറിനെതിരെ കാമ്പസില്‍വെച്ച് ആക്രമണം
ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനു നേരെ കാമ്പസിനകത്തുവെച്ച് ആക്രമണം. പുറത്തുനിന്ന് എത്തിയ ആളാണ് അക്രമം നടത്തിയത്. ഇയാളെ വിദ്യാര്‍ഥികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വികാസ് എന്നയാളാണ് അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
രാജ്യദ്രോഹപരമായ കാര്യങ്ങള്‍ ചെയ്‌തെന്നു ആരോപിച്ചായിരുന്നു ഇയാള്‍ മര്‍ദ്ദിച്ചത്. കനയ്യ രാജ്യത്തെ അപമാനിക്കുന്നവനാണെന്നും ഇവനെ ഒരു പാഠം പഠിപ്പിക്കുമെന്നും അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നു. കനയ്യയ്‌ക്കൊപ്പമുണ്ടായിരുന്നയാള്‍ വലയം ചെയ്തതിനാല്‍ അക്രമിക്ക് കൂടുതല്‍ കൈയ്യേറ്റത്തിന് അവസരം ലഭിച്ചില്ല.

രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്ന കനയ്യ അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. കനയ്യയ്‌ക്കെതിരെ ആര്‍എസ്എസ് സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷ നല്‍കണമെന്ന് പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
വനിതാ ദിനത്തില്‍ കനയ്യ സൈനികരുടെ അക്രമത്തിനെതിരെ പ്രതികരിച്ചത് ഏറെ വിവാദമായിരുന്നു. അഫ്‌സ്പക്കെതിരെ ശബ്ദമുയര്‍ത്തുമെന്നും കശ്മീരിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിക്കുമെന്നുമായിരുന്നു കനയ്യയുടെ പ്രസംഗം. ഇതേതുടര്‍ന്ന് കനയ്യ സൈനികരെ അപമാനിച്ചെന്നുകാട്ടി പോലീസില്‍ ചിലര്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications