നടൻ സൂരജിന് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്; വലതുകാൽ മുറിച്ചുമാറ്റി
ബെംഗളൂരു: കന്നഡ നടൻ സൂരജിന് ബൈക്ക് അപകടത്തിൽ ഗുരതര പരിക്ക്. ശനിയാഴ്ചയാണ് അപകടം നടന്നത്. ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂരജിന്റെ വലതുകാലിന് സാരമായി പരിക്കേറ്റിരുന്നു. ജീവൻ രക്ഷിക്കുന്നതിന് വേണ്ടി സൂരജിന്റെ വലതുകാൽ മുറിച്ചുമാറ്റിയതായാണ് ഇന്ത്യൻഎക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കാൽമുട്ടിന് താഴെ വെച്ചാണ് അദ്ദേഹത്തിന്റെ കാല് മുറിച്ചു മാറ്റിയതെന്നാണ് വിവരം. മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സൂരജ്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് അപകടം ഉണ്ടായത്.

ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. നടൻ രാജ്കുമാറിന്റെ ഭാര്യ പരവതമ്മയുടെ അനന്തരവനാണ് ധ്രുവൻ എന്നറിയപ്പെടുന്ന സൂരജ്. 24 വയസ്സാണ് സൂരജിന്. ചലച്ചിത്ര നിർമ്മാതാവ് എസ് എ ശ്രീനിവാസിന്റെ മകനാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഭാര്യയും സൂരജിനെ ആശുപത്രിയിൽ സന്ദർശിച്ചു.
അനുപ് ആന്റണി സംവിധാനം ചെയ്യാനിരുന്ന ഭഗവാൻ ശ്രീകൃഷ്ണ പരമാത്മ എന്ന ചിത്രത്തിലൂടെയാണ് സൂരജ് കുമാർ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. കന്നഡ താരം ദർശൻ ചിത്രത്തിന്റെ ലോഞ്ചും നടത്തിയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ സിനിമ മാറ്റിവെച്ചു. രഥം എന്ന പേരിൽ മറ്റൊരു സിനിമയുടെ പണിപ്പുരയിലായിരുന്നു താരം. പ്രിയ പ്രകാശ് വാര്യർ നായികയാവുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു പ്രോജക്റ്റിലും സൂരജ് ഒപ്പുവെച്ചിരുന്നു,.












Click it and Unblock the Notifications