കനയ്യ വന്ന് പോയതിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് കഴുകി, ബിജെപിക്കെതിരെ കോൺഗ്രസ്
പാറ്റ്‌ന: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് കഴുകിയ സംഭവം വിവാദത്തില്‍. ബിഹാറിലെ സഹര്‍സയിലാണ് സംഭവം. കനയ്യ ക്ഷേത്രം വിട്ടതിന് പിന്നാലെ അവിടേക്ക് എത്തിയ ഒരു സംഘം വെള്ളം ഒഴിച്ച് കഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിജെപി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബിജെപിക്കാരല്ലാത്തവരെല്ലാം അയിത്തമുളളവരാണോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു.
പാലായന്‍ രോകോ, രോസ്ഗാര്‍ ദോ( കുടിയേറ്റം തടയൂ, തൊഴില്‍ നല്‍കൂ) യാത്രയുടെ ഭാഗമായാണ് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കനയ്യ കുമാര്‍ ഭഗാവി സ്ഥന്‍ ക്ഷേത്രത്തില്‍ എത്തിയത്. തലപ്പാവും മാലയും അണിയിച്ചാണ് കനയ്യയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. ക്ഷേത്രത്തിലെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ച് അല്‍പ നേരം ചെലവഴിച്ചാണ് കനയ്യ മടങ്ങിയത്. പിന്നാലെയാണ് ബക്കറ്റില്‍ വെള്ളവും ചൂലുമായി ഒരു സംഘം ഇവിടേക്ക് എത്തി ക്ഷേത്രം കഴുകിയത്.

സംഭവത്തെക്കുറിച്ച് കനയ്യ കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസ് വക്താവ് ഗ്യാന്‍ രഞ്ജന്‍ ഗുപ്ത ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നു. ആര്‍എസ്എസുകാരും ബിജെപിക്കാരും മാത്രമാണോ ശുദ്ധിയുളളവര്‍, മറ്റുളളവര്‍ എല്ലാവരും തൊട്ട്കൂടാത്തവരാണോ എന്ന് ഗ്യാന്‍ രഞ്ജന്‍ ഗുപ്ത ഇന്ത്യന്‍ എക്‌സപ്രസിനോട് പ്രതികരിച്ചു. പരശുരാമന്റെ പിന്‍ഗാമികളെയാണ് ഇക്കൂട്ടര്‍ അപമാനിച്ചത്. ബിജെപി പാര്‍ട്ടി അംഗങ്ങളോ അവരെ പിന്തുണയ്ക്കുന്നവരോ അല്ലാത്ത എല്ലാവരും അയിത്തമുളളവരായി മാറുന്ന അള്‍ട്രാ-സംസ്‌കൃതവത്കരണത്തിന്റെ പുതിയ കാലത്താണോ നമ്മള്‍ എത്തി നില്‍ക്കുന്നത് എന്നും ഗുപ്ത ചോദിച്ചു.
അതേസമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ബിജെപി തളളി. കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് ശേഷം ക്ഷേത്രം കഴുകിയ ആളുകള്‍ ആരാണെന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടതെന്ന് ബിജെപി വക്താവ് ആസിത് തിവാരി പറഞ്ഞു. കനയ്യ വന്ന് പോയതിന് ശേഷം ക്ഷേത്രം കഴുകിയെങ്കില്‍ അത് കനയ്യ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ നിരസിക്കുന്നതാണെന്നും ബിജെപി നേതാവ് പ്രതികരിച്ചു.












Click it and Unblock the Notifications