ആസിഡ് ആക്രമണത്തിന്റെ ഇര ലക്ഷ്മി അമ്മയായി
കാണ്‍പുര്‍: ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ സമൂഹത്തില്‍ നിന്നും അകന്നുമാറി വീടിനുള്ളില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുമ്പോള്‍ അപകര്‍ഷതാബോധം മാറ്റിവെച്ച് സമൂഹത്തിലേക്ക് ഇറങ്ങുകയും, സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്ത് പ്രശസ്തയായ ലക്ഷ്മി അമ്മയായി. മാര്‍ച്ചുമാസത്തിലാണ് ലക്ഷ്മി അമ്മയായതെങ്കിലും ഇപ്പോഴാണ് ഇക്കാര്യം പുറത്തുവിട്ടത്.
കുട്ടി ജനിച്ചകാര്യം പുറത്തുവിടാതിരുന്നത് മന:പൂര്‍വമാണെന്ന് ലക്ഷ്മയും അവരുടെ കൂട്ടുകാരന്‍ അലോക് ദിക്ഷിതും പറഞ്ഞു. 6-7 മാസത്തിനുശേഷം മാത്രമേ കുട്ടി ജനിച്ചകാര്യം പുറത്തുവിടുകയുള്ളുവെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നതായി ഇവര്‍ വ്യക്തമാക്കി. ഏഴുമാസം പ്രായമായ കുട്ടിക്ക് പിലു എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

2005ലാണ് ലക്ഷ്മിക്കുനേരെ ആസിഡ് ആക്രമണം ഉണ്ടാകുന്നത്. തിരക്കേറിയ മാര്‍ക്കറ്റില്‍വെച്ച് ആസിഡ് ആക്രമണത്തിന് ഇരയാകുമ്പോള്‍ ലക്ഷ്മിക്ക് 16വയസ് ആയിരുന്നു പ്രായം. മുഖം വികൃതമായി തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായ ലക്ഷ്മി ഏറെനാള്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിച്ച ഇവര്‍ പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കുള്ള സംഘടന രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.
അതിനിടയിലാണ് അലോകിന് കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും എല്ലാകാലവും ഒരുമിച്ചു ജീവിക്കുകയുമാണ് ആഗ്രഹമെന്നും അലോക് പറയുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടിയെന്ന് ലക്ഷ്മിയും പറഞ്ഞു. ലക്ഷ്മി അമ്മയായതോടെ ആസിഡ് ആക്രമണത്തിന് ഇരയാകുന്ന മറ്റുള്ളവര്‍ക്കും ഇത് പ്രചോദനമാകുമെന്നുറപ്പാണ്.












Click it and Unblock the Notifications