ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു; കാമുകിയുടെ കോളേജ് കെട്ടിടത്തില്‍ കയറി പെട്രോളൊഴിച്ച് കാമുകന്റെ ആത്മഹത്യാ ഭീഷണി
ലഖ്‌നൗ: കാമുകി ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കാമുകന്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് സംഭവം. കാമുകി തന്റെ ഫോണുകള്‍ തുടര്‍ച്ചയായി ബ്ലോക്ക് ചെയ്യുന്നതില്‍ മനംനൊന്താണ് കാമുകനായ യോഗേഷിന്റെ ഭീഷണി. കാമുകിയുടെ കോളേജില്‍ എത്തിയായിരുന്നു കാമുകന്റെ ആത്മഹത്യാ ഭീഷണി.
കാണ്‍പൂരില്‍ ഒന്നിച്ച് ജനിച്ച് വളര്‍ന്നവരാണ് ഇരുവരും. ഒമ്പതാം ക്ലാസ് തൊട്ട് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പ്ലസ് ടുവിന് ശേഷം പഠനം നിര്‍ത്തിയ യോഗേഷ് കുടംബത്തിന്റെ ഡയറി ഫാമില്‍ ജോലി ചെയ്ത് വരികയാണ്. ഇതിനിടെയാണ് കാമുകി ബറേലിയിലെ ഫരീദ്പൂരിലുള്ള ഫാര്‍മസി കോളേജില്‍ പ്രവേശനം നേടുന്നത്.ചൊവ്വാഴ്ച യോഗേഷ് കാമുകിയോട് ഫോണില്‍ സംസാരിക്കുന്നതിനിടെ വഴക്കിടുകയും ചീത്ത വിളിക്കുകയും ചെയ്തു.

ഇത് പെണ്‍കുട്ടിയെ അസ്വസ്ഥയാക്കി. പിന്നാലെ യോഗേഷിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം നിരന്തരം യോഗേഷ് കാമുകിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ലഭ്യമായില്ല. ഇതോടെ അസ്വസ്ഥനായ യോഗേഷ് കാണ്‍പൂരില്‍ നിന്ന് ബറേലിയിലെ ഫരീദ്പൂരിലുള്ള കാമുകിയുടെ കോളേജിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിക്ക് ഒരു കുപ്പിയില്‍ പെട്രോളും യോഗേഷ് വാങ്ങിയിരുന്നു.
കോളേജിലെത്തിയ ശേഷം പെട്രോളുമായി കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് യോഗേഷ് കയറിയത്. താന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യോഗേഷ് ഭീഷണി മുഴക്കി. ഏറെ നേരത്തെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കോളജ് ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഇയാളെ പിടികൂടി. ശേഷം ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.












Click it and Unblock the Notifications