'രാജ്യം അംഗീകരിച്ചു, കോൺഗ്രസിന് വേണ്ട', ഗുലാം നബി ആസാദിനെ പിന്തുണച്ച് കപിൽ സിബലും തരൂരും
ദില്ലി: ഗുലാം നബി ആസാദ് പത്മഭൂഷണ്‍ പുരസ്‌ക്കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസിനുളളില്‍ അതൃപ്തി പുകയുന്നതിനിടെ അഭിനന്ദനവുമായി കപില്‍ സിബലും ശശി തരൂരും. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ പത്മ പുരസ്‌ക്കാരം നിരസിച്ചിരുന്നു. ബിജെപി സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌ക്കാരം ഗുലാം നബി ആസാദും വേണ്ടെന്ന് വെയ്ക്കണമായിരുന്നു എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കോണ്‍ഗ്രസിനുളളില്‍ നിന്ന് ഗുലാം നബി ആസാദിന് പിന്തുണയും ലഭിക്കുന്നുണ്ട്. പത്മ പുരസ്‌ക്കാര നേട്ടത്തില്‍ ഗുലാം നബി ആസാദിനെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ അഭിനന്ദിച്ചു. ''ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ സഹോദരാ. പൊതുപ്രവര്‍ത്തന രംഗത്ത് രാജ്യം അദ്ദേഹത്തിന്റെ സേവനങ്ങളെ അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അത് ആവശ്യമില്ലെന്നത് വിരോധാഭാസമാണ്'' എന്നാണ് കപില്‍ സിബലിന്റെ പ്രതികരണം.

''പത്മഭൂഷണ്‍ പുരസ്‌ക്കാര നേട്ടത്തില്‍ ഗുലാം നബി ആസാദിന് അഭിനന്ദനങ്ങള്‍. രാഷ്ട്രീയപരമായി എതിര്‍ ചേരിയിലുളള സര്‍ക്കാര്‍ തരുന്നത് ആണെങ്കില്‍ കൂടി ഒരാളുടെ പൊതുപ്രവര്‍ത്തനം അംഗീകരിക്കപ്പെടുന്നത് നല്ലത് തന്നെയാണ്'' എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ പാര്‍ട്ടിക്കുളളില്‍ കലാപം ഉയര്‍ത്തിയ ജി 23 സംഘത്തില്‍ ഉള്‍പ്പെടുന്നതാണ് ഗുലാം നബി ആസാദും ശശി തരൂരും കപില്‍ സിബലും അടക്കമുളളവര്‍.
പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെ ജയറാം രമേശ് വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ബുദ്ധദേഹ് ഭട്ടാചാര്യ പുരസ്‌ക്കാരം നിരസിച്ചത് ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിന്റെ വിമര്‍ശനം. ബുദ്ധദേവ് ചെയ്തതാണ് ശരിയായ കാര്യമെന്നും അദ്ദേഹം സ്വതന്ത്രനായിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും അല്ലാതെ അടിമ ആയിരിക്കാനല്ലെന്നുമാണ് ഗുലാം നബി ആസാദിനെ ഉന്നമിട്ട് ജയറാം രമേശ് ട്വീറ്റ് ചെയ്തത്. 2014 ജൂണ്‍ മുതല്‍ ഫെബ്രുവരി 2021 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു ഗുലാം നബി ആസാദ്. ആസാദിന്റെ രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരഭരിതനായിട്ടായിരുന്നു സഭയില്‍ പ്രസംഗിച്ചത്. മറുപടി പ്രസംഗത്തില്‍ ഗുലാം നബി ആസാദും നരേന്ദ്ര മോദിയെ പുകഴ്ത്താന്‍ മറന്നില്ല.












Click it and Unblock the Notifications