കോണ്‍ഗ്രസിന്റെ എബിസിഡി എന്താണെന്ന് പോലും സിബലിന് അറിയില്ല, പൊട്ടിത്തെറിച്ച് അശോക് ഗെലോട്ട്
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തെ രൂക്ഷമായ വിമര്‍ശിച്ച സീനിയര്‍ നേതാവ് കപില്‍ സിബലിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കപില്‍ സിബല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരത്തില്‍ നിന്ന് വരുന്ന വ്യക്തിയല്ലെന്ന് ഗെലോട്ട് തുറന്നടിച്ചു. അദ്ദേഹമൊരു പ്രശസ്ത അഭിഭാഷകനാണ്. അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരികയായിരുന്നു. സോണിയയും രാഹുലും ഒരുപാട് അവസരങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എബിസിഡി എന്താണെന്ന് പോലും അറിയാത്ത ഒരു വ്യക്തിയില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.

സിബല്‍ രൂക്ഷമായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചത്. ഗാന്ധി കുടുംബം തലപ്പത്ത് നിന്ന് മാറണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ല. എന്നാല്‍ എല്ലാ തീരുമാനങ്ങളും അദ്ദേഹമാണ് എടുക്കുന്നതെന്നും സിബല്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ജീവിക്കുന്നത് മറ്റൊരു ലോകത്താണ്. കഴിഞ്ഞ എട്ട് വര്‍ഷമായിട്ടും പാര്‍ട്ടി എന്തുകൊണ്ട് ദുര്‍ബലമാവുന്നു എന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗാന്ധി കുടുംബം പുതിയൊരു നേതാവിനെ കണ്ടെത്താന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസില്‍ ആദ്യമായി പറഞ്ഞതും സിബലാണ്.
താന്‍ കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളില്‍ തോറ്റതില്‍ അദ്ഭുതപ്പെടുന്നില്ല. അതേസമയം സോണിയാ ഗാന്ധിയെ വര്‍ക്കിംഗ് കമ്മിറ്റി അധ്യക്ഷയായി തുടരാന്‍ അനുവദിച്ചതിലും തനിക്ക് അദ്ഭുതമില്ല. ഇതെല്ലാം പ്രതീക്ഷിച്ചതാണ്. എന്നാല്‍ വര്‍ക്കിംഗ് കമ്മിറ്റിക്ക് പുറത്തുള്ള വലിയൊരു വിഭാഗം നേതാക്കള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും സിബല്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോറും സിബലിനെതിരെ രംഗത്ത് വന്നിരുന്നു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭാഷയിലാണ് സിബല്‍ സംസാരിക്കുന്നതെന്ന് മാണിക്കം ടാഗോര്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി ഗ്രൂപ്പിലെ പ്രമുഖനായ നേതാവാണ് അദ്ദേഹം.
ആര്‍എസ്എസിനും ബിജെപിക്കും ഗാന്ധി കുടുംബത്തെ നേതൃത്വത്തിന് പുറത്ത് നിര്‍ത്താനാണ് ആഗ്രഹം. കോണ്‍ഗ്രസിനെയും രാജ്യത്തെയും തകര്‍ക്കാനാണ് ശ്രമമെന്നും മാണിക്കം ടാഗോര്‍ കുറ്റപ്പെടുത്തി. അതേസമയം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ രാജി പ്രഖ്യാപിച്ചതാണ് സോണിയാ ഗാന്ധി. രാഹുലും പ്രിയങ്കയും ഇതേ വഴി പിന്തുടര്‍ന്നിരുന്നു. എന്നാല്‍ പറ്റില്ലെന്ന് നിലപാടെടുക്കുകയായിരുന്നു നേതാക്കള്‍. മാണിക്കം ടാഗോര്‍ അടക്കമുള്ളവര്‍ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സംഘടനാപരമായി കോണ്‍ഗ്രസിനെ മെച്ചപ്പെടുത്തി പുതിയ നേതാക്കളെ കൊണ്ടുവരണമെന്ന് വര്‍ക്കിംഗ് കമ്മിറ്റി സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications