
കപില്‍ സിബല്‍ തൃണമൂലുമായി ചര്‍ച്ച നടത്തിയിരുന്നു; മമതയുടെ നിബന്ധന കുരുക്കായി- റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആദ്യം തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. തന്റെ ലക്ഷ്യങ്ങള്‍ നടക്കില്ലെന്ന് ബോധ്യമായതോടെ അദ്ദേഹം സമാജ്വാദി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുകയും ധാരണയുണ്ടാക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ 16ന് രാജിവച്ചിരുന്നുവെന്നാണ് കപില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയം വിടാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടരാന്‍ ആഗ്രഹിച്ചു. തുടര്‍ന്ന് ചില പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. ഇതിലൊന്ന് തൃണമൂല്‍ കോണ്ഗ്രസായിരുന്നുവത്രെ.
കൊല്‍ക്കത്തയിലെത്തി മമത ബാനര്‍ജിയുടെ പിന്തുണ തേടി. എന്നാല്‍ മമത ബാനര്‍ജി നിബന്ധന വച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ മാത്രമേ പിന്തുണ നല്‍കൂ എന്നായിരുന്നു മമതയുടെ നിബന്ധന. എന്നാല്‍ തൃണമൂലില്‍ ചേരാന്‍ അദ്ദേഹം താല്‍പ്പര്യം കാണിച്ചില്ല. തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്ജിയുമയി സിബല്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്നാണ് കപില്‍ സിബല്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയത്. അദ്ദേഹം പിന്തുണയ്ക്കാമെന്ന് അറിയിക്കുകയായിരുന്നു. എസ്പിയില് ചേരേണ്ടതില്ലെന്നും രാജ്യസഭയിലേക്ക് പിന്തുണ നല്‍കാമെന്നും അഖിലേഷ് അറിയിച്ചു. തുടര്‍ന്ന് ലഖ്നൗവിലെത്തി ചര്‍ച്ച നടത്തുകയും ധാരണയുണ്ടാക്കുകയും ചെയ്തു. ശേഷം രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ കപില്‍ സിബലിനൊപ്പം അഖിലേഷ് യാദവുമുണ്ടായിരുന്നു.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിടാന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. അന്നു മുതലേ പല പാര്‍ട്ടികളുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലെത്തില്ലെന്ന് കപില്‍ സിബലിന് അറിയാമായിരുന്നു. തുടര്‍ന്നാണ് തൃണമൂലിന്റെ രാജ്യസഭാ എംപിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ആ വേളയില്‍ തൃണമൂലില്‍ ചേരില്ല എന്ന് സിബല്‍ വ്യക്തമാക്കിയിരുന്നില്ല. തന്റേതായ വീക്ഷണം പാര്‍ലമെന്റില്‍ പറയണമെങ്കില്‍ സ്വതന്ത്രനായി സഭയിലെത്തണമെന്നാണ് കപില്‍ സിബലിന്റെ പ്രതികരണം.
രാജ്യത്തെ അറിയപ്പെട്ട അഭിഭാഷകനാണ് കപില്‍ സിബല്‍. അതുകൊണ്ടുതന്നെ മിക്ക രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സമാജ്വാദി പാര്‍ട്ടിയുടെയും നേതാക്കളുടെ കേസുകള്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരണമെന്നായിരുന്നു മമതയുടെ ആവശ്യം. അതുവഴി കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കാമെന്നും മമത കണക്കൂകൂട്ടിയിരുന്നു. എന്നാല്‍ മമതയും കപില്‍ സിബലും വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെയാണ് എസ്പിയുമായി ചര്‍ച്ച നടന്നത്.