സിദ്ധരമായ്യയും ഡികെയും ഒപ്പം 15 പേരുടെ സംഘവവും; കർണടകയിൽ ഭരണം പിടിക്കാനുള്ള കോൺഗ്രസ് പദ്ധതി,വെറും 50 ദിവസം
ദില്ലി: ഹിമാചൽ വിജയത്തിന് പിന്നാലെ കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്ന കർണാടകയിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ വേഗത്തിലാക്കി നേതൃത്വം. ദക്ഷിണേന്ത്യയിൽ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനമായ കർണാടകയിൽ 'മോദി തരംഗം' വിലപ്പോവില്ലെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ നിരത്തി അതിശക്തമായ പ്രചരണം നയിച്ച് അധികാരം തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പാണ് നേതൃത്വം നടത്തുന്നത്.
ഇതിന്റെ ഭാഗമായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഉടൻ തന്നെ സംസ്ഥാനത്ത് 'ബസ് യാത്ര ആരംഭിക്കും'.ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി നേതാക്കൾ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

കർണാടക സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ദരാമയ്യ എന്നിവരാണ് ബസ് യാത്രയ്ക്ക് നേതൃത്വം നൽകുക. രണ്ട് സംഘമായിട്ടായിരിക്കും യാത്ര. ഒരു സംഘത്തിൽ കുറഞ്ഞത് 15 അംഗങ്ങൾ ഉണ്ടാകും. സംസ്ഥാനത്ത് 224 നിയമസഭ മണ്ഡലങ്ങളിലും യാത്ര സഞ്ചരിക്കും. 50 ദിവസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

വികസനം, സംവരണം, നയപരമായ കാര്യങ്ങൾ എന്നിവയാണ് യാത്രയുടെ പ്രധാന അജണ്ടകൾ. ജനവരി ആദ്യവാരത്തോടെ യാത്ര തുണങ്ങാനാണ് ആലോചന.ഇന്ന് മല്ലികാർജ്ജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ യാത്രയുടെ തീയതി സംബന്ധിച്ച് തീരുമാനത്തിലെത്തും. അതേസമയം മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ഥാനാർത്ഥി നിർണയവും വേഗത്തിൽ പൂർത്തിയാക്കാനുള്ള ചർച്ചകളും കൂടിക്കാഴ്ചയിൽ നടക്കും.

തിരഞ്ഞെടുപ്പ് അടുക്കവെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ പതിവ് രീതി. എന്നാൽ ഇത് പലപ്പോഴും പൊട്ടിത്തെറിക്ക് കാരണമാകാറുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടവർ വിമത നീക്കം നടത്തുകയും ബി ജെ പിയിലേക്ക് ചേക്കേറുന്നതെല്ലാം സ്ഥിര സംഭവവുമാണ്. തിരഞ്ഞെടുപ്പിനോട് അടുത്ത് ഇത്തരം തിരിച്ചടികൾ ഉണ്ടാകുന്നതിന് തടയിടാനും അതത് മണ്ഡലങ്ങളിൽ നേതാക്കൾക്ക് ശക്തമായ പ്രചരണം കാഴ്ച വെയ്ക്കാനുമാണ് നേരത്തേയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം.
ജനവരി പകുതിയോടെ കുറഞ്ഞത് 150 സ്ഥാനാർത്ഥികളെയെങ്കിലും പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്.

അതേസമയം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ കോൺഗ്രസിന് ഇപ്പോഴും തലവേദനയാണ്. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുമ്പോഴും മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും നടത്തുന്ന നീക്കങ്ങൾ പാർട്ടിയിൽ വലിയ പ്രതിസന്ധിയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പ്രശ്നം പരിഹരിച്ച് മുന്നോട്ട് നീങ്ങാൻ സാധിച്ചില്ലെങ്കിൽ തിരിച്ചടി തുടർകഥ ആകുമെന്ന വ്യകമായ സന്ദേശമാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നൽകുന്നത്. ഐക്യത്തിന്റെ കാര്യത്തിൽ ഹിമാചലിനെ മാതൃകയക്കണമെന്നും ഖാർഗെ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
കോൺഗ്രസിന് അധികാരം ലഭിക്കണം. അധികാരത്തിലേറിയാൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാന്റ് കൈക്കൊള്ളും. പാർട്ടി വിജയിക്കുമെന്ന് ഉറപ്പാക്കാൻ നേതാക്കൾ കഠിനാധ്വാനം ചെയ്യണമെന്നും ഖാർഗെ പറഞ്ഞു.

2018 ൽ കോൺഗ്രസും ജെ ഡി എസും കൈകോർത്ത് ബി ജെ പിയെ ഭരണത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. എന്നാൽ സഖ്യത്തിനുള്ളിലെ തർക്കങ്ങൾ വലിയ തലവേദന സൃഷ്ടിച്ചു. ഇത് ആയുധമാക്കിയതോടെ സഖ്യ സർക്കാരിനെ പുറത്താക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. ഓപ്പറേഷൻ താമരയിലൂടെ 17 എം എൽ എമാരെയായിരുന്നു ഇരു പാർട്ടികളിൽ നിന്നുമായി ബി ജെ പി അടർത്തിയെടുത്തത്. അതേസമയം ഇത്തവണ ഇത്തരമൊരു സാഹചര്യത്തിന് വഴിവെക്കരുതെന്നും കേവല ഭൂരിപക്ഷം തനിച്ച് നേടിയെടുക്കാൻ സാധിക്കണമെന്നുമാണ് ഹൈക്കമാന്റ് നിർദ്ദേശം. 113 ആണ് ഇവിടെ മാന്ത്രിക സംഖ്യ.












Click it and Unblock the Notifications