സിദ്ധരാമയ്യ സര്‍ക്കാരില്‍ 31 പേരും കോടീശ്വരന്‍മാര്‍; മുന്നില്‍ ശിവകുമാര്‍, ആസ്തി എത്രയെന്നറിയാമോ?
ബെംഗളൂരു: കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരില്‍ 32 പേരെയാണ് മന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്. ഇവരുടെ പേരുകളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ കര്‍ണാടക മന്ത്രിസഭയിലെ 32 മന്ത്രിമാരില്‍ 24 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുള്ളതായ റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുകയാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മന്ത്രിസഭയിലെ ഭൂരിഭാഗം പേരും വിവിധ കേസുകളില്‍ പ്രതിയാണ് എന്നാണ് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇത് കൂടാതെ മന്ത്രിമാരുടെ ആസ്തി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവയെ കുറിച്ചും എഡിആര്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ 32 മന്ത്രിമാരില്‍ 31 പേരും കോടീശ്വരന്മാരാണ് എന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മന്ത്രിസഭയുടെ ശരാശരി ആസ്തി 119.06 കോടി രൂപയാണ്. 1413.80 കോടി രൂപയുടെ ആസ്തിയുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് ഏറ്റവും വലിയ സമ്പന്നന്‍. മുധോള്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച തിമ്മപൂര്‍ രാമപ്പ ബാലപ്പയാണ് (58.56 ലക്ഷം രൂപ ) ഏറ്റവും കുറവ് ആസ്തിയുള്ള മന്ത്രി. ബെല്‍ഗാം നിയോജക മണ്ഡലത്തില്‍ നിന്നുള്ള ലക്ഷ്മി ആര്‍. ഹെബ്ബാള്‍ക്കര്‍ മാത്രമാണ് സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി.
ലക്ഷ്മി ആര്‍. ഹെബ്ബാള്‍ക്കര്‍ക്ക് 13 കോടിയിലധികം രൂപയുടെ ആസ്തിയും 5 കോടിയിലധികം രൂപയുടെ ബാധ്യതയും ആണ് ഉള്ളത്. മന്ത്രിസഭയിലെ ആറ് മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസിനും പ്ലസ് ടുവിനും ഇടയിലാണ്. 24 മന്ത്രിമാര്‍ ബിരുദവും അതിനുമുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. രണ്ട് മന്ത്രിമാര്‍ ഡിപ്ലോമ ഉള്ളവരാണ് എന്നും എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
18 മന്ത്രിമാരുടെ പ്രായം 41 നും 60 നും ഇടയിലാണ്. മന്ത്രിസഭയിലെ 14 മന്ത്രിമാര്‍ 61 നും 80 നും ഇടയില്‍ പ്രായമുള്ളവരാണ്. നിലവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അടക്കം എട്ട് പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ 24 പുതിയ മന്ത്രിമാരെ കൂടി കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്നു. മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എന്നാല്‍ ശനിയാഴ്ച ഇതിന്റെ കരട് പട്ടിക ചോര്‍ന്നത് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം വകുപ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നാണ് സംസ്ഥാന നേതാക്കള്‍ ഇതിന് പിന്നാലെ അറിയിച്ചത്. മെയ് 20 ന് ആണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 224 അംഗ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്.












Click it and Unblock the Notifications