പെണ്‍കുട്ടിയെയും കാമുകനെയും ബന്ധുക്കള്‍ വിഷം കൊടുത്തു കൊലപ്പെടുത്തി
കര്‍നാല്‍: ഉത്തരേന്ത്യയില്‍ നിന്നും വീണ്ടും ദുരഭിമാനക്കൊലയുടെ വാര്‍ത്തകള്‍. ഹരിയാണയിലെ കര്‍ണാല്‍ സ്വദേശിനിയായ പതിനെട്ടുകാരിയെയും അവരുടെ കാമുകനെയും പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊലപ്പെടുത്തിയത്. വിഷം അകത്തുചെന്ന് അവശനിലയിലായ ഇവരെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പതിനെട്ടുകാരിയായ ബോത്തിയും ഇരുപത്തിനാലുകാരനായ സഞ്ജയും ആണ് മരിച്ചത്. സഞ്ജയ് വിവാഹിതനാണെന്ന് പറയപ്പെടുന്നു. പ്രണയത്തിലായതിനെ തുടര്‍ന്ന് നാടുവിട്ട ഇവരെ അടുത്തുള്ള റെയില്‍വെ സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ആളൊഴിഞ്ഞയിടത്ത് അവശനിലയില്‍ കണ്ടെത്തി.

പോലീസ് കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിക്ക് ബോധമുണ്ടായിരുന്നു. തന്റെ ബന്ധുക്കള്‍ ബലമായി വിഷം കഴിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ധും സിങ്, സഹോദരന്‍ ഓം സിങ്, അമ്മാവന്‍ ജസ്ബിര്‍ സിങ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് കര്‍ണാല്‍ റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന്‍ അജയ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications