'5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കും'; പ്രഖ്യാപിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കോണ്‍ഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 'ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്നും' അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഈ അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കാനുള്ള തീരുമാനം ഉണ്ടാവുമെന്നായിരുന്നു രാഹുല്‍ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് പൂര്‍ണമായ തീരുമാനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് വ്യാപക വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചുവെന്നും ബിജെപി ആരോപിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെയായിരുന്നു സിദ്ധരാമയ്യ ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നത്. അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ' ഈ സാമ്പത്തിക വര്‍ഷം തന്നെ അതെല്ലാം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും' അദ്ദേഹം പറഞ്ഞു. '
തിരഞ്ഞെടുപ്പിന്, മുമ്പും ശേഷവുമായിട്ടാണ് അഞ്ച് വാഗ്ദാനങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറും, ഞാനും ചേര്‍ന്നാണ് ഇതില്‍ ഒപ്പുവെച്ചത്. ഈ ഉറപ്പുകള്‍ പാലിക്കുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. ഇവ ജനങ്ങളില്‍ എത്തിക്കുമെന്ന് ഉറപ്പിക്കുമെന്നും' സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം ഗൃഹ ജ്യോതി പദ്ധതി ജൂലായ് ഒന്ന് മുതല്‍ നടപ്പാക്കി തുടങ്ങും. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് ഈ പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് ലഭിക്കുക. ജൂലായ് വരെ ബില്‍ അടയ്ക്കാത്തവര്‍, തീര്‍ച്ചയായും ആ തുക അടയ്ക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 'ജൂണ്‍ ഒന്ന് മുതല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ യാത്ര ചെയ്യാം.ഈ പദ്ധതി നടപ്പാക്കി തുടങ്ങിയിരിക്കുന്നു. പക്ഷേ എസി, ലക്ഷ്വറി ബസ്സുകളില്‍ സൗജന്യ യാത്ര ഉണ്ടാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
അന്ന ഭാഗ്യ പദ്ധതി പ്രകാരം പത്ത് കിലോഗ്രാം ധാന്യങ്ങള്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യമായി ലഭിക്കും. അന്ത്യോദയ കാര്‍ഡ് ഉടമകളായിരിക്കണം ഇവരെന്നും' മുഖ്യമന്ത്രി പറഞ്ഞു. ജൂലായ് ഒന്ന് മുതലാണ് ഈ പദ്ധതി നടപ്പാക്കുക.
'ഗൃഹനാഥയായ സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപ നല്‍കുന്ന പദ്ധതിയാ ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് പതിനഞ്ചിന് ആരംഭിക്കുമെന്നും' സിദ്ധരാമയ്യ പറഞ്ഞു. തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കള്‍ക്ക് മാസം മൂവായിരം രൂപ നല്‍കുമെന്നും, ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ നല്‍കുമെന്നും നേരത്തെ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളിലുണ്ടായിരുന്നു.
18നും 25നും ഇടയില്‍ പ്രായം വരുന്നവര്‍ക്കാണ് ഈ സഹായം ലഭ്യമാക്കുക. രണ്ട് വര്‍ഷമാണ് കാലാവധി. യുവനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സഹായം എത്തിക്കുക. ഗൃഹലക്ഷ്മി പദ്ധതിക്കായി ആധാര്‍ വിവരങ്ങളും, ബാങ്ക് അക്കൗണ്ട് നമ്പറുകളും ഓണ്‍ലൈനായി നല്‍കണം. ഓഗസ്റ്റ് പതിനഞ്ചിന് ഈ തുക സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തും.












Click it and Unblock the Notifications