'പാർട്ടി വിടും, ഈശ്വരപ്പയ്ക്കെതിരെ മത്സരിക്കും'; ഭീഷണിയുമായി ബിജെപി നേതാവ്, അമ്പരന്ന് നേതൃത്വം
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ വൻ പൊട്ടിത്തെറി. മുതിർന്ന നേതാവും എംഎൽഎസിയുമായ അയനൂർ മഞ്ജുനാഥാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയേയോ മകനേയോ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ പാർട്ടി വിടുമെന്നാണ് മഞ്ജുനാഥിന്റെ മുന്നറിയിപ്പ്.ഈശ്വരപ്പയ്ക്കെതിരെ താൻ മത്സരിക്കുമെന്നും മഞ്ജുനാഥ് ഭീഷണി മുഴക്കി.
മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നാടായ ശിവമോഗ മണ്ഡലം സംബന്ധിച്ചാണ് തർക്കം ഉയർന്നിരിക്കുന്നത്. മുതിർന്ന നേതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ നേതൃത്വം. ഈശ്വരപ്പ തനിക്കെതിരെ മോശം വാക്കുകൾ പ്രയോഗിച്ചെന്നും സീറ്റിനായുള്ള തന്റെ ആവശ്യം പരിഗണിക്കാൻ നേതൃത്വം തയ്യാറായില്ലെന്നും മഞ്ജുനാഥ് വിമർശിച്ചു. അതുകൊണ്ട് രാജിവെച്ച് മറ്റ് പാർട്ടികളിൽ ചേർന്ന് ഈശ്വരപ്പയ്ക്കെതിരെ താൻ മത്സരിക്കുമെന്നും മഞ്ജുനാഥ് പറഞ്ഞു.

'ബിജെപിയിൽ തുടരുകയാണെങ്കിൽ തനിക്കൊരിക്കലും ശിവമോഗയിൽ നിന്നും സീറ്റ് ലഭിക്കില്ല. തന്റെ പേരിന് പകരം പലരുടേയും മക്കളുടെ പേരാണ് മണ്ഡലത്തിൽ നിന്നും പറഞ്ഞ് കേൾക്കുന്നത്. മാത്രമല്ല അടുത്തിടെ ഈശ്വരപ്പ നടത്തിയ വാർത്തസമ്മേളനം കേട്ടതോടെ തന്നെ താൻ അദ്ദേഹത്തിനെതിരെ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്',മഞ്ജുനാഥ് പറഞ്ഞു. മഞ്ജുനാഥ് തനിക്ക് പറ്റിയ എതിരാളിയല്ലെന്നായിരുന്നു നേരത്തേ ഈശ്വരപ്പ പറഞ്ഞത്.
അതേസമയം മഞ്ജുനാഥ് രാജിവെച്ചാൽ ബി ജെ പിയിൽ നിന്നും പുറത്ത് പോകുന്ന മൂന്നാമത്തെ എം എൽ സിയാകും അദ്ദേഹം. അടുത്തിടെ എം എൽ സി മാരായ പുട്ടണ്ണ, ബാബുറാവോ ചിഞ്ചസൂർ എന്നിവരായിരുന്നു രാജിവെച്ചത്. ഇരുവരും പിന്നീട് കോൺഗ്രസിൽ ചേർന്നിരുന്നു.
നേതാക്കൾ തമ്മിലുള്ള തർക്കം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ഇരുനേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി ജെ പി വൃത്തങ്ങൾ പറഞ്ഞു. 'പാർട്ടി ശക്തിയാർജ്ജിക്കുമ്പോൾ തീർച്ചയായും ടിക്കറ്റ് മോഹികളും കൂടും. മഞ്ജുനാഥിനും സ്ഥാനാർത്ഥിത്വത്തിന് താത്പര്യമുണ്ടായിരുന്നു. മഞ്ജുനാഥും ഈശ്വരപ്പയും ബി ജെ പിയുടെ മുതിർന്ന നേതാക്കളാണ്. അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്', ബി ജെ പി വൃത്തങ്ങൾ പറഞ്ഞു.

അതേസമയം മറ്റ് രണ്ട് എം എൽ എസിമാരെ പോലെ മഞ്ജുനാഥും കോൺഗ്രസിൽ ചേരുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. താൻ രാജിവെച്ച് ഏത് പാർട്ടിയിലേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മഞ്ജുനാഥ് പറയുമ്പോഴും അദ്ദേഹം കോൺഗ്രസിലേക്ക് പോകാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ വീണ്ടുമൊരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ടാൽ അത് ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറും. ഈ സാഹചര്യത്തിൽ മഞ്ജുനാഥിനെ പിടിച്ച് നിർത്താനുള്ള തീവ്ര ശ്രമങ്ങൾ ബി ജെ പി നേതൃത്വം ശക്തമാക്കിയേക്കും.
അതേസമയം ബി ജെ പിയിൽ നിന്നും മാത്രമല്ല കൊഴിഞ്ഞ് പോക്ക് തുടരുന്നത്. ജെ ഡി എസും സമാന പ്രതിസന്ധിയിലാണ്. രണ്ട് എം എൽ എമാരാണ് ഇതിനോടകം രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ഇതുവരെ 32 ഓളം ജെഡിഎസ് നേതാക്കൾ ബ വരും ദിവസങ്ങളിലും കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേതാക്കളുടെ വരവിൽ പക്ഷേ കോൺഗ്രസ് ക്യാമ്പിൽ അതൃപ്തി രൂക്ഷമാണ്. ബി ജെ പിയും ജെ ഡി എസും വിട്ടെത്തുന്ന നേതാക്കൾക്ക് പാർട്ടി നേതൃത്വം സീറ്റ് അനുവദിക്കാൻ തയ്യാറാകുന്നതാണ് നേതാക്കളെ ചൊടിപ്പിക്കുന്നത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ തഴഞ്ഞ് പുറത്ത് നിന്നുള്ള നേതാക്കളെ പരിഗണിക്കുന്നത് നേതൃത്വത്തിന് ഗുണം ചെയ്യില്ലെന്നാണ് നേതാക്കളുടെ വിമർശനം.












Click it and Unblock the Notifications