ഷിഗ്ഗാവില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; താമരക്കോട്ട പിടിച്ചെടുത്ത് യാസിർ അഹമ്മദ് ഖാന്‍
കർണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭ മണ്ഡലങ്ങളിലും മികച്ച വിജയവുമായി കോണ്‍ഗ്രസ്. സിറ്റിങ് സീറ്റായ സന്ദൂർ നിലനിർത്തിയ കോണ്‍ഗ്രസ് ജെ ഡി എസില്‍ നിന്ന് ഛന്നപട്ടണയും ബി ജെ പിയില്‍ നിന്നു ഷിഗ്ഗാവും പിടിച്ചെടുത്തു. രണ്ടിടത്തും മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളേയാണ് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്. ബി ജെ പിയും ജെ ഡി എസും സഖ്യമായി മത്സരിച്ച തിരഞ്ഞെടുപ്പില്‍ ഛന്നപ്പട്ടണയില്‍ എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നികില്‍ കുമാരസ്വാമിയേയും ഷിഗ്ഗാവില്‍ ബസവരാജ് ബൊമ്മൈയുടെ മകന്‍ ഭരത് ബൊമ്മൈയുമായിരുന്നു സ്ഥാനാർത്ഥി.
13448 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭരത് ബൊമ്മൈയെ കോണ്‍ഗ്രസ് യാസിർ അഹമ്മദ് ഖാന്‍ പരാജയപ്പെടുത്തിയത്. യാസിറിന് 100756 വോട്ട് ലഭിച്ചപ്പോള്‍ ഭരതിന് 87308 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. പ്രാദേശിക പാർട്ടിയായ കർണാടക രാഷ്ട്ര സമിതി 1876 വോട്ടുകളുമായി മുന്നാമതായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 34978 വോട്ടിനായിരുന്നു ബി ജെ പി വിജയം. അന്നും കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി യാസിർ അഹമ്മദ് ഖാനായിരുന്നു. ജെ ഡി എസുമായി സഖ്യമില്ലാതെ മത്സരിച്ചിട്ടും അന്ന് ഒരു ലക്ഷത്തിലേറെ വോട്ടുനേടാന്‍ ബി ജെ പിക്ക് സാധിച്ചു. എന്നാല്‍ ഇത്തവണ ജെ ഡി എസ് കൂടെ കൂടിയിട്ടും കഴിഞ്ഞ തവണത്തെ വോട്ടുപോലും നേടാന്‍ ബി ജെ പിക്ക് സാധിച്ചില്ലെന്നാണ് ശ്രദ്ധേയം.

ബി ജെ പിയെ സംബന്ധിച്ച് ഷിഗ്ഗാവിലെ തോല്‍വി വളരെ അധികം ഞെട്ടിക്കുന്നതാണ്. ലിംഗായത്ത് ഭൂരിപക്ഷ മണ്ഡലം 2008 മുതല്‍ ബി ജെ പിയുടെ ഉരുക്ക് കോട്ടയാണ്. 2008 ല്‍ ബസവരാജ് ബൊമ്മൈ സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് മണ്ഡലത്തില്‍ ആദ്യമായി ബി ജെ പി വിജയക്കൊടി പാറിക്കുന്നത്. 2013 ലും 2018 ലും 2023 ലും വിജയം തുടരാന്‍ ബൊമ്മൈക്കും ബി ജെ പിക്കും സാധിച്ചു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ബസവരാജ് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അതേസമയം, ബി ജെ പിയില്‍ നിന്നും കൂറുമാറിയെത്തിയ സിപി യോഗേശ്വറിലൂടെയാണ് ഛന്നപ്പട്ടണ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 15915 വോട്ടിനായിരുന്നു എച്ച് ഡി കുമാരസ്വാമിയുടെ വിജയം. ജെ ഡി എസിന് 96592 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി ജെപി സ്ഥാനാർത്ഥിയായിരുന്ന സിപി യോഗേശ്വറിന് സ്വന്തമാക്കാന്‍ സാധിച്ചത് 80667 വോട്ടായിരുന്നു. 15374 വോട്ടുമായി ബഹുദൂരം വോട്ടിന് പിന്നിലായിരുന്നു കോണ്‍ഗ്രസ് എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications