ചേട്ടനെ പൂട്ടാൻ മന്ത്രിയെ ഇറക്കി, അനിയനെ ഇറക്കി ബിജെപിക്ക് പണി തിരിച്ച് കൊടുക്കാൻ കോൺഗ്രസ്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ കനകപുര മണ്ഡലത്തിൽ നിന്നും ഡികെ ശിവകുമാറിനെതിരായ മത്സരം കടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയായ ആർ അശോകയെ ബിജെപി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത്. മണ്ഡലത്തിൽ സ്വാധീനമുള്ള വൊക്കാലിഗ സമുദായത്തിൽ നിന്നുള്ള നേതാവാണ് ആർ അശോക. വൊക്കാലിഗ സമുദായക്കാരനായ ഡികെ ശിവകുമാറിന് അനുകൂലമായുള്ള സമുദായ വോട്ടുകൾ ഭിന്നിപ്പിക്കാൻ അശോകിലൂടെ സാധിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
കനകപുരയെ കൂടാതെ തന്റെ സിറ്റിംഗ് മണ്ഡലമായ പദ്മനാഭനഗരയിലും അശോക മത്സരിക്കുന്നുണ്ട്. എന്നാൽ ഡികെയെ വീഴ്ത്താൻ ഇറക്കിയ അശോകിനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ അടിതെറ്റിക്കാനുള്ള തന്ത്രം മെനയുകയാണ് കോൺഗ്രസ്. ഇതിനായി സഹോദരനും എംപിയുമായ ഡികെ സുരേഷിനെ തന്നെ മത്സരിപ്പിക്കാനാണ് ശിവകുമാർ പദ്ധതിയൊരുക്കുന്നതെന്നാണ് റിപ്പോർട്ട്.

ജെഡിഎസുമായി സമവായം ഉണ്ടാക്കിയാണ് പദ്മനാഭനഗർ സീറ്റിൽ അശോകൻ വിജയിക്കുന്നത് എന്ന ആക്ഷേപങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തെ കനകപുരയിലും ബിജെപി സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസിന്റെ പ്രചരണ പരിപാടികളിൽ സജീവമാക്കാതെ മണ്ഡലത്തിൽ തളച്ചിടുക കൂടിയായിരുന്നു ബി ജെ പി ലക്ഷ്യം.
എന്നാൽ ബിജെപിയുടെ തന്ത്രത്തിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് കോൺഗ്രസ് നീക്കം. അശോകയുടെ സ്വന്തം മണ്ഡലത്തിൽ ആർ അശോകിനെ മത്സരിപ്പിക്കുന്നത് മത്സരം ചൂട് പിടിപ്പിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. മണ്ഡലത്തിൽ നിന്നും ഡികെ സുരേഷ് ഉടൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു.
അതിനിടെ മുതിർന്ന ലിംഗായത്ത് നേതാക്കൾ രാജിവെച്ച സാഹചര്യത്തിൽ സമുദായത്തിന്റെ വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. ബി എസ് യെദിയൂരപ്പയെ മാറ്റി നിർത്തിയത് മുതൽ തന്നെ സമുദായത്തിനുള്ളിൽ ബിജെപിയോടുള്ള അതൃപ്തി ശക്തമായിരുന്നു. ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള കരുത്തരയാ ലക്ഷ്മൺ സവാദിയും ജഗദീഷ് ഷെട്ടാറും കൂടി രാജി വെച്ച് കോൺഗ്രസിൽ ചേർന്നത് കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബി ജെ പി.
മെയ് 10 നാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് പ്രതീക്ഷ ഉയർന്ന നിലയിലാണ് കോൺഗ്രസ്. ബി ജെ പിയിൽ നിന്ന് നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവ് കോൺഗ്രസിന് അധികാരം ലഭിക്കുമെന്നതിന്റെ സൂചനയാണെന്നാണ് നേതാക്കൾ പറയുന്നത്. പുറത്തുവന്ന അഭിപ്രായ സർവ്വേകളും കോൺഗ്രസിന് അനുകൂലമായുള്ള പ്രവചനങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്ത് 140 വരെ സീറ്റുകൾ നേടുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications