കർണാടക നിയമസഭ തിരഞ്ഞെടുപ്പ് 2023; 80 വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം, ഇതാദ്യം
ബെംഗളൂരു: കർണാടകത്തിൽ ആദ്യമായി 80 വയസ് കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ അവസരം. നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നത്.
അംഗപരിമിതർക്കും 80 കഴിഞ്ഞവർക്കുമാണ് വീട്ടിൽ വെച്ച് വോട്ട് ചെയ്യാൻ അവസരം ലഭിക്കും. തിരഞ്ഞെടുപ്പ് കമ്മീൻ ഉദ്യോഗസ്ഥർ സംവിധാനങ്ങളുമായി മുതിർന്ന പൗരൻമാരുടെ വീടുകളിലേക്ക് പോകും. പോളിംഗ് ബൂത്തിൽ വന്ന് വോട്ട് രേഖപ്പെടുത്താൻ താത്പര്യപ്പെടുന്നവർക്ക് വോട്ട് ചെയ്യാം. അതേസമയം ആവശ്യമുള്ളവർക്ക് സേവനം ഉപയോഗപ്പെടുത്താം', ചീഫ് ഇലക്ഷൻ കമ്മീഷ്ണർ രാജീവ് കുമാർ പറഞ്ഞു.

വീട്ടിൽ വെച്ചും വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം പുലർത്തുമെന്നും രാജീവ് കുമാർ പറഞ്ഞു. വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള സേവനം ആര് തേടുമ്പോഴും ഇക്കാര്യം എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കും. ഭിന്നശേഷിയുള്ളവർക്കായി 'സാക്ഷം' എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിട്ടുണ്ട്. അതിലൂടെ ലോഗിൻ ചെയ്ത് വോട്ട് ചെയ്യാൻ അവസരം ലഭിക്കും', രാജീവ് കുമാർ പറഞ്ഞു. കര്‍ണാടകയില്‍ 80 പിന്നിട്ട വോട്ടര്‍മാര്‍ 12.15 ലക്ഷം വോട്ടർമാരാണ് ഉള്ളത്. 100 വയസ് തികഞ്ഞ 6976 പേരും ഉണ്ട്.
അതേസമയം 'സുവിധ' എന്ന പേരിൽ മറ്റൊരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതായും കമ്മീഷൻ അറിയിച്ചു. സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രികയും സത്യവാങ്മൂലവും സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടലാണിത്. യോഗങ്ങൾക്കും റാലികൾക്കും അനുമതി തേടാൻ ഉദ്യോഗാർത്ഥികൾക്ക് ഈ പോർട്ടൽ ഉപയോഗിക്കാമെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
'സ്ഥാനാർത്ഥികളെ അറിയാം' എന്ന പേരിൽ പ്രത്യേക ക്യാമ്പെയ്നും ഇലക്ഷൻ കമ്മീഷൻ നടപ്പാക്കും. എന്ത് അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തതെന്നും അവർക്ക് സീറ്റ് അനുവദിച്ചതെന്നം രാഷ്ട്രീയ പാർട്ടികൾ അവരുടെ പോർട്ടലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വോട്ടർമാരെ അറിയിക്കണം. മാത്രമല്ല ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പോലും അക്കാര്യം പാർട്ടികൾ വ്യക്തമാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
മെയ് 10 ന് ഒറ്റ ഘട്ടമായാണ് കർണാടകത്തിൽ വോട്ടെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണൽ. ഏപ്രിൽ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 5 കോടി 21 ലക്ഷം വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകളം 2 കോടി 62 ലക്ഷം പുരുഷൻമാരുമാണ്. ഇതിൽ 9,17,241 പുതിയ വോട്ടർമാരാണ്.50,282 പോളിംങ് ബൂത്തുകളും സംസ്ഥാനത്ത് ഒരുക്കും.












Click it and Unblock the Notifications