50 ന് മുകളില്‍ സീറ്റ് പിടിച്ചാല്‍ അധികാര കസേരയില്‍ സ്ഥാനം: കർണാടകയില്‍ തന്ത്രം മെനഞ്ഞ് ജെഡിഎസ്
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയതാണ് കർണാടകയിലെ പ്രചരണച്ചൂട്. നേതാക്കളെ കളം മാറ്റിയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും എല്ലാ കക്ഷികളും കളം നിറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ പ്രചരണം അതിന്റെ ഉച്ഛസ്ഥായിലായിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ പാർട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം നിലനിർത്താന്‍ ബി ജെ പി വലിയ ശ്രമങ്ങളാണ് നടത്തി വരുന്നത്. ഭരണ വിരുദ്ധ വികാരം മുതല്‍ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വരെ അവർക്ക് തലവേദനയാവുന്നു.
കോണ്‍ഗ്രസ് ആവട്ടെ ഇത്തവണ വലിയ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ്. തിരഞ്ഞെടുപ്പിന് മുമ്പായി പുറത്ത് വരുന്ന വിവിധ സർവേകള്‍ അവർക്ക് ആശ്വാസം പകരുന്നുണ്ട്. എങ്കില്‍ ബി ജെ പിയുടെ തന്ത്രങ്ങളേയും സംഘടനാ സംവിധാനത്തേയും വില കുറച്ച് കാണാന്‍ അവർ തയ്യാറല്ല. പരമാവധി സീറ്റുകള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പദ്ധതികള്‍ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ഡികെ ശിവകുമാറും സിദ്ധരാമയ്യയും രംഗത്തുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് അത്തരമൊരു ചർച്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറല്ല.

ഒറ്റക്ക് അധികാരത്തില്‍ വരാന്‍ സാധ്യമല്ല
ജെ ഡി എസിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഇത്തവണയും തങ്ങള്‍ക്കാവുന്ന പരമാവധി സീറ്റുകള്‍ നേടി അതുവഴി കിങ് മേക്കറായി മാറുകയെന്നതാണ് ലക്ഷ്യം. പാർട്ടിക്ക് സംസ്ഥാനത്ത് ഒറ്റക്ക് അധികാരത്തില്‍ വരാന്‍ സാധ്യമല്ലെന്ന് ജെ ഡി എസ് നേതാക്കള്‍ക്ക് തന്നെ നന്നായി അറിയാം. അതുകൊണ്ട് അറുപതോളം സീറ്റുകളാണ് അവർ ലക്ഷ്യം വെക്കുന്നത്. ഈ സീറ്റുകള്‍ നേടാന്‍ സാധിച്ചാല്‍ സംസ്ഥാനത്ത് തൂക്ക് സഭയാകുമെന്നത് ഏറെക്കുറെ ഉറപ്പാണ്.
അഞ്ച് ഇന പരിപാടികള്‍ മുന്നോട്ട് വെച്ചാണ് ജെ ഡി എസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നത്. 99 ദിവസത്തെ പഞ്ചരത്‌ന യാത്രയുടെ സമാപനത്തിൽ, കർഷകർക്ക് സാമ്പത്തിക സഹായ പദ്ധതി, വനിതാ സ്വയം സഹായ സംഘങ്ങളുടെ വായ്പ എഴുതിത്തള്ളൽ, 40 ലക്ഷം രൂപയുടെ ചികിത്സാ സഹായം, സർക്കാർ ഇംഗ്ലീഷ്, കന്നഡ മീഡിയം സ്‌കൂളുകൾ സ്ഥാപിക്കൽ എന്നിവയാണ് ജെ ഡി എസ് മുന്നോട്ട് വെച്ച് വാഗ്ധാനങ്ങള്‍.

പഴയ മൈസൂരു മാത്രം
കർണാടകയിലെ ഏറ്റവും ശക്തമായ അടിത്തറ പഴയ മൈസൂരു മാത്രമാണെന്നതാണ് സംസ്ഥാനത്തെ വളർച്ചയ്ക്ക് ജെ ഡി എസ് നേരിടുന്ന പ്രധാന പ്രതിസന്ധി. സമീപകാലത്ത് മൈസുരുവിന് പുറത്തുള്ള മേഖലകളിലേക്കും പാർട്ടിയുടെ സ്വാധീനം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങള്‍ പാർട്ടി സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
"ഞങ്ങൾക്ക് എല്ലായ്‌പ്പോഴും സംസ്ഥാനത്തുടനീളവും എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള എംഎൽഎമാരുണ്ട്. ഞാൻ പറയുന്നത് മനസ്സിലാക്കാൻ 1999 മുതൽ ആരെങ്കിലും എംഎൽഎമാരുടെയും മണ്ഡലങ്ങളുടെയും പട്ടിക പരിശോധിക്കേണ്ടതുണ്ട്. അതെ, മൈസൂർ പ്രദേശം ഞങ്ങൾക്ക് പരമാവധി പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഇത്തവണ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഞങ്ങൾ കൂടുതൽ സീറ്റുകളില്‍ വിജയിക്കും."- എന്നാണ് മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച് ഡി ദേവഗൌഡ വ്യക്തമാക്കിയത്.
കേവല ഭൂരിപക്ഷം നേടാന്‍
2018 ലെ തെരഞ്ഞെടുപ്പിൽ, ഒരു രാഷ്ട്രീയ പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് 224 ൽ 36 സീറ്റുകളും ജെഡി (എസ്) നേടുകയും 78 സീറ്റുകളുള്ള കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുകയും ചെയ്തത്. 2013 മുതൽ 2018 വരെ ഭരണം നടത്തിയ കോൺഗ്രസിന്റെ സിദ്ധരാമയ്യയുടെ പിൻഗാമിയായി എച്ച്‌ഡി കുമാരസ്വാമി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതാണ് സഖ്യം ഭരണം പിടിച്ചത്.
എന്നാല്‍ 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിയിരുന്ന ബിജെപി കോണ്‍ഗ്രസ്, ജെ ഡി എസ് അംഗങ്ങളെ കൂറുമാറ്റി സഖ്യ സർക്കാ വീഴ്ത്തി ഭരണം പിടിച്ചു. ഇത് കോണ്‍ഗ്രസിന് മാത്രമല്ല, സമീപകാലത്ത് ബി ജെ ഡി എസിനും നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ഇത്തവണയും പരമാവധി സീറ്റുകള്‍ പിടിച്ച് ഏതെങ്കിലുമൊരു ദേശീയ പാർട്ടയുടെ പിന്തുണയില്‍ അധികാരത്തിന്റെ ഭാഗമാവുക എന്നത് തന്നെയാണ് ജെ ഡി എസ് സ്വപ്നം.












Click it and Unblock the Notifications