ബിജെപിക്ക് വീണ്ടും തിരിച്ചടി; മറ്റൊരു ലിംഗായത്ത് എംഎൽഎ കൂടി രാജിവെച്ച് കോൺഗ്രസിൽ ചേർന്നു
ബെംഗളൂർ: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയിൽ നിന്നും ലിംഗായത്ത് വിഭാഗം നേതാക്കളുടെ പടിയിറക്കം തുടരുന്നു. ഏറ്റവും ഒടുവിലായി ബി ജെ പി മുൻ എംഎൽഎയായ വിശ്വാനാഥ് പാട്ടീൽ ആണ് ബി ജെ പി വിട്ടത്. അദ്ദേഹത്തിനൊപ്പം മറ്റൊരു ബി ജെ പി നേതാവായ അരവിന്ദ് ചൗഹാനും പാർട്ടി വിട്ടു. ഇരുവരും പിന്നീട് കോൺഗ്രസിൽ ചേർന്നു.
മുതിർന്ന ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടാറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും അടുത്തിടെ ബി ജെ പിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. നേതാക്കളുടെ രാജി തീർത്ത തിരിച്ചടിയിൽ നിന്നും കരകയറാനുള്ള ബി ജെ പിയുടെ തീവ്ര ശ്രമങ്ങൾക്കിടെയാണ് പാട്ടീലും പാർട്ടി വിട്ടിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദിയൂരപ്പയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു പാട്ടീൽ എന്നതും ശ്രദ്ധേയമാണ്.

ഭരണം ലഭിക്കുന്നതിൽ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ നിർണായകമാണെന്നിരിക്കെ നേതാക്കളുടെ വരവിനെ ആഘോഷകമാക്കുകയാണ് കോൺഗ്രസ്. സംസ്ഥാനത്തെ പ്രബല വിഭാഗമാണ് ലിംഗായത്ത് വിഭാഗം. ജനസംഖ്യയുടെ 17 ശതമാനമാണ് ഇവർ. നേരത്തേ കോൺഗ്രസിനെ പിന്തുണച്ചിരുന്ന സമുദായമായിരുന്നു ഇവർ. എന്നാൽ 1990 ന് ശേഷം കോൺഗ്രസുമായി സമുദായം അകലുകയായിരുന്നു.
കഴിഞ്ഞ 15 വർഷമായി ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ബി ജെ പിക്കാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ലിംഗായത്ത് വിഭാഗവും ബിജെപിയും തമ്മിലുള്ള ബന്ധത്തിൽ ചെറിയ അതൃപ്തികൾ ഉടലെടുക്കുകയായിരുന്നു. ബിജെപിയിലെ താക്കോൽ സ്ഥാനങ്ങളെല്ലാം വഹിച്ചിരുന്ന ലിംഗായത്ത് വിഭാഗം നേതാക്കൾ ഒതുക്കപ്പെടുന്ന സാഹചര്യം പാർട്ടിയിൽ ഉണ്ടായിരുന്നു.ലിംഗായത്ത് പാർട്ടി എന്ന നിലയിൽ നിന്നും പൂർണ ഹിന്ദുത്വ പാർട്ടി എന്ന നിലയിലേക്ക് മാറാനുള്ള ബിജെപി ശ്രമത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു ഇത്. ഇതിൽ നിരവധി നേതാക്കൾക്ക് വിയോജിപ്പ് ഉണ്ടായിരുന്നു.
അതിനിടെയാണ് കഴിഞ്ഞ വർഷം ലിംഗായത്ത് വിഭാഗത്തെ ഞെട്ടിച്ച് കൊണ്ട് സമുദായത്തിലെ ഉന്നത നേതാവ് കൂടിയായ യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിജെപി മാറ്റി നിർത്തിയത്. ഇത് സമുദായത്തിനിടയിൽ കടുത്ത എതിർപ്പിന് വഴി വെയ്ക്കുകയും സമുദായ നേതാക്കൾ പരസ്യമായി തന്നെ ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നതിനും കാരണമായി.ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ലിംഗായത്ത് സമുദായത്തിൽ പെട്ട പലരും ഒഴിവാക്കപ്പെട്ടത്.
അതേസമയം ലിംഗായത്ത് വിഭാഗത്തിന്റെ അതൃപ്തി മുതലെടുക്കാനായാൽ തിരഞ്ഞെടുപ്പിൽ അത് വലിയ നേട്ടമാകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. സമുദായത്തെ ബി ജെ പി നേതൃത്വം വഞ്ചിക്കുകയായിരുന്നുവെന്ന പ്രചരണം ഇതിനോടകം തന്നെ കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
ബിഎസ് യെദിയൂരപ്പയെ പാർട്ടി അപമാനിച്ചുവെന്നത് രഹസ്യമല്ലെന്നും കർണാടകയിലെ തെരുവുകളിൽ ബിഎസ്‌വൈയുടെ കണ്ണുനീർ ഒഴികിയിട്ടുണ്ടെന്നും കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം തുറന്നടിച്ചു. പാർട്ടിയിൽ കടുത്ത സമ്മർദ്ദമാണ് യെദിയൂരപ്പ നേരിടുന്നതെന്നും ശിവകുമാർ പറഞ്ഞിരുന്നു.
അതേസമയം ബിജെപി ലിംഗായത്ത് വിരുദ്ധ പാർട്ടിയാണെന്ന കോൺഗ്രസ് പ്രചരണത്തെ നേരിടാൻ മറുതന്ത്രങ്ങൾ പയറ്റുകയാണ് ബി ജെ പി. ലിംഗായത്ത് പിന്തുണ നഷ്ടമാകുന്നത് നിലവിലെ സാഹചര്യത്തിൽ വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന കണക്ക് കൂട്ടൽ ബിജെപിക്ക് ഉണ്ട്. ഇതോടെ 'ലിംഗായത്ത് മുഖ്യമന്ത്രി'യെ ഉയർത്തിക്കാട്ടി പ്രചരണം നയിക്കാൻ ആണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications