കര്‍ണാടക ബിജെപി ക്യാമ്പില്‍ ഞെട്ടല്‍! നിര്‍ണായക തീരുമാനവുമായി ഈശ്വരപ്പ, നീക്കത്തിന് പിന്നില്‍
ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി ജെ പിക്ക് തിരിച്ചടിയായി മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന. മേയ് പത്തിന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പ അറിയിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ ഉയരുന്നതിനിടെയാണ് മുതിര്‍ന്ന നേതാവിന്റെ തീരുമാനം. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില് പാര്‍ട്ടി എനിക്ക് ഒരുപാട് ചുമതലകള്‍ നല്‍കി. ഒരു ബൂത്ത് ഇന്‍ചാര്‍ജില്‍ നിന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരെ എത്തി. കൂടാതെ തനിക്ക് കര്‍ണാടകയുടെ ഉപമുഖ്യമന്ത്രിയാകാനുള്ള അവസരവും ലഭിച്ചു- കന്നഡയില്‍ എഴുതിയ കത്തില്‍ ഈശ്വരപ്പ പറഞ്ഞു. ഈ തീരുമാനം തന്റെ ഇഷ്ട പ്രകാരം എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയിയില്‍ ഈശ്വരപ്പയുടെ പേരുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് ഈശ്വരപ്പയുടെ മൂന്‍കൂര്‍ നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഈ ജൂണില്‍ ഈശ്വരപ്പയ്ക്ക് 75 വയസ്സ് തികയുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും പദവികള്‍ വഹിക്കാനുമുള്ള നേതാക്കള്‍ക്കുള്ള അനൗദ്യോഗിക പ്രായപരിധിയാണിത്.
പലപ്പോഴും വിവാദങ്ങളുടെ കേന്ദ്രമായിരുന്നു ഈശ്വരപ്പ. കഴിഞ്ഞ മാസം, ഒരു പള്ളിയില്‍ നിന്ന് ബാങ്ക് പ്രാര്‍ത്ഥനകള്‍ വിളിക്കുമ്പോള്‍, അല്ലാഹു ബധിരനാണോ എന്നും ഉച്ചഭാഷിണിയില്‍ വിളിക്കേണ്ടതുണ്ടോ എന്ന് അദ്ദേഹം പരസ്യമായി ചോദിച്ചിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എവിടെ പോയാലും ഈ ബാങ്ക് വിളി എനിക്ക് ഒരു തലവേദനയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
മൈക്കില്‍ അലറി വിളിച്ചാല്‍ മാത്രമേ അള്ളാഹു പ്രാര്‍ത്ഥന കേള്‍ക്കുകയുള്ളൂ, അല്ലാഹു എന്താ ബധിരനാണോ? സുപ്രിംകോടതി വിധി വരുന്നതോടെ ഇതിനൊരു അന്ത്യമുണ്ടാകുമെന്നതില്‍ സംശയമില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇങ്ങനെ മൈക്കില്‍ അലറി വിളിച്ചാല്‍ മാത്രമേ അള്ളാഹു കേള്‍ക്കൂ എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കണം- ഈശ്വരപ്പ അന്ന് പറഞ്ഞു.
അതേസമയം, ബി ജെ പി ഇതുവരെയായിട്ടും സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടില്ല. 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം അവസാന നിമിഷം വരെ എത്തിച്ചിരിക്കുകയാണ് ബി ജെ പി. വ്യാഴാഴ്ചയോടെ പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിറ്റിംഗ് എം എല്‍ എമാര്‍ ഇത്തവണത്തെ പട്ടികയില്‍ നിന്ന് പുറത്താകുമെന്നാണ് വിവരം.


Click it and Unblock the Notifications