കർണാടക തിരഞ്ഞെടുപ്പ്: മകന് കൂറ്റൻ വിജയം പ്രവചിച്ച് യെഡിയൂരപ്പ, 'ബിജെപി അധികാരം നിലനിർത്തും'
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെഡിയൂരപ്പ. 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തുടര്‍ച്ച നേടുമെന്ന് യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. യെഡിയൂരപ്പ ഇത്തവണ മത്സര രംഗത്തില്ല. എന്നാല്‍ മകന്‍ ബിവൈ വിജയേന്ദ്ര മത്സരിക്കുന്നുണ്ട്.
മകന്‍ വിജയേന്ദ്രയ്‌ക്കൊപ്പം ശിക്കാരിപുരയിലെ ഹച്ച്രായ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് യെഡിയൂരപ്പ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് പോയത്. യെഡിയൂരപ്പയുടെ പരമ്പരാഗത സീറ്റായ ശിക്കാരിപുരയില്‍ നിന്ന് തന്നെയാണ് മകന്‍ ജനവിധി തേടുന്നത്. വിജയേന്ദ്രയുടെ കന്നിയങ്കമാണ് ഇത്.

എല്ലാവരും വോട്ട് ചെയ്യാനെത്തണമെന്ന് ബിഎസ് യെഡിയൂരപ്പ കര്‍ണാടകത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ''എല്ലാവരും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് തനിക്കുറപ്പാണ്. 75-80 ശതമാനത്തിന് മുകളില്‍ വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണയ്ക്കും. തങ്ങള്‍ 130- 135 സീറ്റുകള്‍ വരെ നേടി വിജയിക്കും'', യെഡിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു.
മകന്‍ വിജയേന്ദ്ര ഉജ്ജ്വല വിജയം നേടുമെന്നും യെഡിയൂരപ്പ പറഞ്ഞു. ''ശിക്കാരിപുരയില്‍ വിജയേന്ദ്രയ്ക്ക് 40,000ത്തിന് മുകളില്‍ വോട്ടുകള്‍ ലഭിക്കും. ബിജെപിക്ക് വലിയ ഭൂരിപക്ഷം ലഭിക്കും. സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും, അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടതില്ല. ജനങ്ങളുടെ പ്രതികരണം വളരെ നല്ല രീതിയിലാണ്'' എന്ന് യെഡിയൂരപ്പ പറഞ്ഞു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചെങ്കിലും ഇക്കുറി പ്രചാരണ രംഗത്ത് യെഡിയൂരപ്പ സജീവമായി തന്നെ ഉണ്ടായിരുന്നു. മകന്‍ മത്സരിക്കുന്ന ശിക്കാരിപുര മണ്ഡലത്തിലും പ്രചരണ രംഗത്ത് യെഡിയൂരപ്പ നിറഞ്ഞ് നിന്നു. വലിയ ഭൂരിപക്ഷം നല്‍കി മകനെ വിജയിപ്പിക്കണമെന്ന് യെഡിയൂരപ്പ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ബിവൈ വിജയേന്ദ്രയ്ക്ക് ശിക്കാരിപുരയില്‍ എതിരാളി കോണ്‍ഗ്രസ് നേതാവ് ജിബി മലതേഷ് ആണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലതേഷ് വലിയ ഭൂരിപക്ഷത്തിനാണ് യെഡിയൂരപ്പയോട് പരാജയപ്പെട്ടത്. അച്ഛന്‍ 40 വര്‍ഷക്കാലം പ്രതിനിധീകരിച്ച മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധിച്ചത് അനുഗ്രഹമാണെന്നാണ് വിജയേന്ദ്ര നേരത്തെ പ്രതികരിച്ചത്. തന്റെ സ്വപ്‌നമാണ് സഫലമായിരിക്കുന്നതെന്നും യെഡിയൂരപ്പയുടെ മകനായത് കൊണ്ടാണ് സീറ്റ് ലഭിച്ചത് എന്ന് പറയുന്നത് ശരിയല്ലെന്നും വിജയേന്ദ്ര പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications