കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ജ്യോതിഷി; ബിജെപി നേതാവും പറഞ്ഞു!!
ബെംഗളൂരു: നേരത്തെ പലതവണ കര്‍ണാടകയുടെ മുഖ്യമന്ത്രിയായ വ്യക്തിയാണ് എച്ച്ഡി കുമാരസ്വാമി. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ രണ്ടാമത്തെ മകനായ കുമാരസ്വാമിക്ക് പലപ്പോഴും ഭാഗ്യമാണ് മുഖ്യമന്ത്രി കസേരയിലേക്ക് നയിച്ചത്. പ്രബല കക്ഷികളായ ബിജെപിക്കോ കോണ്‍ഗ്രസിനോ വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്ന ഘട്ടത്തില്‍ ജെഡിഎസ് കറുത്ത കുതിരയാകുകയായിരുന്നു.
നേരത്തെ ബിജെപിയുമായി സഖ്യം ചേര്‍ന്ന് കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിട്ടുണ്ട് കുമാരസ്വാമി. 2018ല്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നും അദ്ദേഹം മുഖ്യമന്ത്രിയായി. പിന്നീട് സഖ്യ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പറഞ്ഞ് പൊതുമധ്യത്തില്‍ കരയുന്ന കുമാരസ്വാമിയെയും ജനം കണ്ടതാണ്. കര്‍ണാടക പുതിയ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വീണ്ടും കുമാരസ്വാമി മുഖ്യമന്ത്രിയാകുമോ എന്നാണ് ചോദ്യം.

2018ല്‍ ഏറ്റവും വലിയ കക്ഷിയായത് ബിജെപിയായിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം അവര്‍ക്ക് ലഭിച്ചില്ല. യെഡിയൂരപ്പ സത്യപ്രതിജ്ഞ ചൊല്ലിയെങ്കിലും മതിയായ പിന്തുണയില്ലാത്തതിനാല്‍ മണിക്കൂറുകള്‍ക്കകം രാജിവയ്‌ക്കേണ്ടി വന്നു. പിന്നീടാണ് കോണ്‍ഗ്രസും ജെഡിഎസും സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത്. കുമാരസ്വാമി മുഖ്യമന്ത്രിയാകുകയും ചെയ്തു.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല എന്ന് ബോധ്യമായ വേളയില്‍ തന്നെ ബിജെപി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ജെഡിഎസിനെ കൂടെ നിര്‍ത്താനായിരുന്നു പദ്ധതി. നേരത്തെ ജെഡിഎസ് ഒപ്പം നിന്നിട്ടുണ്ട് എന്ന ധൈര്യമാണ് ബിജെപിക്കുണ്ടായിരുന്നത്. എന്നാല്‍ സോണിയ ഗാന്ധി എച്ച്ഡി ദേവഗൗഡയുമായി ചര്‍ച്ച ചെയ്ത് രാഷ്ട്രീയ സാഹചര്യം മാറ്റിമറിച്ചു.
ഇത്തവണയും എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. എല്ലാ പാര്‍ട്ടികളും പരസ്പരം കുറ്റപ്പെടുത്തിയാണ് പ്രചാരണം. ജെഡിഎസിന്റെ ശക്തി കേന്ദ്രമാണ് മൈസൂരു മേഖല. ഇവിടെ കരുത്ത് കാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസും ജെഡിഎസും തമ്മിലാണ് മിക്ക മണ്ഡലങ്ങളിലും ഇവിടെ പോര്. ബിജെപിക്ക് സ്വാധീനമുള്ള ചില മണ്ഡലങ്ങളുമുണ്ടിവിടെ.
കോണ്‍ഗ്രസ് ജയിച്ചാല്‍ സിദ്ധരാമയ്യയോ ഡികെ ശിവകുമാറോ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി വന്നാല്‍ ബസവരാജ ബൊമ്മൈ തുടരാന്‍ സാധ്യതയില്ലെന്നും പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ജെഡിഎസ് അവകാശപ്പെടുന്നു. സാധാരണ 40ല്‍ താഴെ സീറ്റുകള്‍ കിട്ടാറുള്ള ജെഡിഎസ് ഇത്തവണയും വളരെ ആത്മവിശ്വാസത്തിലാണ്.

ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ കുമാരസ്വാമി ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. ഏപ്രില്‍ 28ന് ശേഷം കുമാരസ്വാമിക്ക് നല്ല ദിനങ്ങളാണ് വരാന്‍ പോകുന്നത് എന്ന് ജ്യോതിഷി പ്രവചിച്ചിട്ടുണ്ട് എന്ന് ഒരു ബിജെപി നേതാവ് പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ കുമാരസ്വാമിയോട് സൂചിപ്പിച്ചു. ഇക്കാര്യം അദ്ദേഹം ശരിവച്ചു. എന്നാല്‍ വീട്ടിലിരുന്നാല്‍ മുഖ്യമന്ത്രിയാകില്ലെന്നും തന്റെ കണക്കുകൂട്ടലുകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
ബിജെപി നേതാവ് പറഞ്ഞു എന്ന് നിങ്ങള്‍ പറഞ്ഞല്ലോ. ജ്യോതിഷ പ്രകാരം എന്റെ ഗ്രഹ നില മികച്ചതാണിപ്പോള്‍. എന്നാല്‍ അത് മാത്രം ആശ്രയിച്ച് നില്‍ക്കാനാകില്ല. ജ്യോതിഷ പ്രവചനമുണ്ടെന്ന് പറഞ്ഞ് വീട്ടിലിരിക്കാന്‍ സാധിക്കില്ല. അങ്ങനെ ഇരുന്നാല്‍ ഭൂരിപക്ഷം കിട്ടില്ല. താന്‍ മുഖ്യമന്ത്രിയാകുമെന്ന് ജ്യോതിഷി പറഞ്ഞുവെന്നത് ശരിയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications