അമിത് ഷാ ഭീഷണിപ്പെടുത്തുകയാണ്; തിരിച്ചടിച്ച് കോണ്‍ഗ്രസ്, കര്‍ണാടകയില്‍ പോര് ശക്തം
ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിച്ചു. ബിജെപിക്ക് വേണ്ടി അമിത് ഷാ കളത്തിലിറങ്ങിയതോടെയാണ് പരസ്പരം ആരോപണങ്ങളും മറുപടിയും ശക്തിപ്പെട്ടത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ കലാപങ്ങളുണ്ടാകുമെന്നായിരന്നു അമിത് ഷായുടെ പ്രസ്താവന. ഇതിനെതിരെ കോണ്‍ഗ്രസ് മറുപടിയുമായി രംഗത്തെത്തി.
അമിത് ഷായുടെത് ഭീഷണിപ്പെടുത്തുന്ന പ്രസ്താവനയാണ് എന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം വക്താവ് ജയറാം രമേശ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭീഷണി മുഴക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ജയറാം രമേശ് പറഞ്ഞു. ബെലഗാവിയില്‍ കഴിഞ്ഞ ദിവസമാണ് അമിത് ഷാ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി സംസാരിച്ചത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ കലാപങ്ങളുണ്ടാകും. വികസനം പിന്നോട്ടടിക്കും. കുടുംബാധിപത്യ രാഷ്ട്രീയം തിരിച്ചുവരുമെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭീഷണി മുഴക്കുകയാണ് അമിത് ഷാ ചെയ്യുന്നതെന്ന് ജയറാം രമേശ് പറഞ്ഞു.
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി നിരോധിച്ച സംഘടനയുമായി ബന്ധമുള്ള വ്യക്തിയാണ് നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി. അദ്ദേഹം ഇപ്പോള്‍ ഭീഷണി മുഴക്കുകയാണ്. തിരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ നിന്നാണ് ഇത്തരം വാക്കുകള്‍. അമിത് ഷായുടെ വാക്കുകളെ അപലപിക്കുന്നു. ആറര കോടിയോളം വരുന്ന കന്നഡക്കാരെ മൊത്തം അപമാനിക്കുന്നതിന് തുല്യമാണ് അമിത് ഷായുടെ പ്രസ്താവന എന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
യോഗി ആദിത്യനാഥിന്റെ പ്രചാരണം തുടങ്ങി
കോണ്‍ഗ്രസിന്റെത് പ്രീണന രാഷ്ട്രീയമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതം അടിസ്ഥാനമാക്കി സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും യോഗി പറഞ്ഞു. പ്രീണനത്തില്‍ അല്ല, ശാക്തീകരണത്തിലാണ് ബിജെപി വിശ്വസിക്കുന്നതെന്നും യോഗി പറഞ്ഞു. മാണ്ഡ്യയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.
മുസ്ലിങ്ങള്‍ക്ക് നല്‍കിയിരുന്ന സംവരണം ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സുപ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് ഇത്. മുസ്ലിം സംവരണം റദ്ദാക്കിയ ബിജെപി വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് വീതിച്ചുകൊടുത്തു. അതേസമയം, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ മുസ്ലിം സംവരണം വീണ്ടും നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് മുസ്ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. ഇത് റദ്ദാക്കിയതിനെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി താല്‍ക്കാലികമായി സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്തിട്ടുണ്ട്. മെയ് ഒമ്പത് വരെ പുതിയ തീരുമാനം നടപ്പാക്കരുതെന്നാണ് കോടതി നിര്‍ദേശം. എന്നാല്‍ രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മുസ്ലിം സംവരണമുള്ളതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications