മാണ്ഡ്യ പിടിക്കാൻ ദിവ്യ സ്പന്ദനയെ ഇറക്കാൻ കോൺഗ്രസ്; ബിജെപിക്ക് വേണ്ടി സുമലതയും? പൊടിപാറും
മാണ്ഡ്യ ലോക്സഭ അംഗവും നടിയുമായ സുമലത നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തവണ യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരം നൽകുമെന്നാണ് കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാർ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ പല മണ്ഡലങ്ങളിലും ഇക്കുറി അപ്രതീക്ഷിത പേരുകൾ ഇടംപിടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മാണ്ഡ്യ മണ്ഡലത്തിൽ നിന്നും യുവ നേതാവും നടിയുമായ ദിവ്യ സ്പന്ദനയെ കോൺഗ്രസ് മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

മോദിയേയും ബി ജെ പിയേയും മുൾമുനയിൽ നിർത്തിയ ദിവ്യ
മോദിയേയും ബി ജെ പിയേയും മുൾമുനയിൽ നിർത്തിയ കോൺഗ്രസിന്റെ മുൻ സോഷ്യൽ മീഡിയ ഹെഡ് ആയിരുന്നു നടി കൂടിയായ ദിവ്യ സ്പന്ദന. 2003 മുതൽ സിനിമയിൽ സജീവമായിരുന്ന ദിവ്യ 2012 ലായിരുന്നു കോൺഗ്രസിൽ ചേർന്നത്. 2013 കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ച് അവര്‍ ലോക്സഭാംഗമായി. രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് അവര്‍ സിനിമ ഉപേക്ഷിച്ചത്. കോൺഗ്രസിൽ ചേർന്ന് വളരെ പെട്ടെന്ന് തന്നെ തന്റെ സ്ഥാനം ഉറപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെ ബി ജെ പിക്കെതിരെ ദിവ്യ നടത്തുന്ന പ്രതികരണങ്ങൾ അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കോൺഗ്രസ് പരാജയത്തിന് പിന്നാലെ
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് പിന്നാലെ ദിവ്യ ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷയായി. പിന്നാലെ അവർ കോൺഗ്രസ് സോഷ്യൽ മീഡിയ നേതൃ പദവിയും ഒഴിഞ്ഞു. ദിവ്യയുടെ പിൻമാറ്റത്തിന്റെ കാരണത്തെ ചൊല്ലി നിരവധി ചർച്ചകൾ ഇതോടെ ഉയർന്നിരുന്നു. ദിവ്യ കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോയെക്കുമെന്നടക്കമുള്ള അഭ്യൂഹങ്ങളും സജീവമായിരുന്നു. എന്നാൽ ഇതിനോടൊന്നും അവർ പ്രതികരിച്ചിരുന്നില്ല. അതേസമയം സോഷ്യൽ മീഡിയ നേതൃപദവി ഒഴിഞ്ഞെങ്കിലും അവർ കോൺഗ്രസിൽ നിന്ന് രാജി വെച്ചിരുന്നില്ല.

ജെ ഡി എസിന്റെ കോട്ടയായ മാണ്ഡ്യയിൽ
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ദിവ്യ എന്നാണ് റിപ്പോർട്ടുകൾ. ജെ ഡി എസിന്റെ കോട്ടയായ മാണ്ഡ്യയിൽ നിന്നായിരിക്കും ദിവ്യയെ കോൺഗ്രസ് മത്സരിപ്പിച്ചേക്കുക എന്നാണ് റിപ്പോർട്ടുകൾ. വൊക്കാലിഗ വിഭാഗത്തിന് കൂടുതൽ സ്വാധീനമുള്ള മാണ്ഡ്യ ജില്ലയിൽ ജെ ഡി എസിനാണ് കരുത്ത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിലെ 7 മണ്ഡലങ്ങളിലും ജെ ഡി എസ് ആയിരുന്നു വിജയിച്ചത്.

മാണ്ഡ്യയിൽ നേട്ടം കൊയ്യാൻ
എന്നാൽ ഇത്തവണ മാണ്ഡ്യയിൽ നേട്ടം കൊയ്യാനുള്ള ശക്തമായ ശ്രമങ്ങൾ കോൺഗ്രസ് നടത്തുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായിട്ടാണ് ദിവ്യയെ മത്സരിപ്പിക്കാനുള്ള നീക്കം. അങ്ങനെയെങ്കിൽ മാണ്ഡ്യ നിയമസഭ മണ്ഡലത്തിൽ ഇത്തവണ 'താര പോരിനാണ്' സാധ്യത തെളിയുന്നത്. മാണ്ഡ്യ ലോക്സഭ അംഗവും നടിയുമായ സുമലത ഇതിനോടകം തനിക്ക് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലനിൽ സ്വതന്ത്ര അംഗമാണെങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് അവർ ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹങ്ങൾ. താൻ ബി ജെ പിക്കൊപ്പമാണെന്ന് അവർ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.

സുമലത സ്ഥാനാർത്ഥിയായേക്കും
മാണ്ഡ്യയിൽ സ്വാധീനമുറപ്പിക്കാൻ സുമലതയിലൂടെ സാധിക്കുമെന്ന് ബി ജെ പി കരുതുന്നുണ്ട്. അങ്ങനെയെങ്കിൽ ബി ജെ പി ടിക്കറ്ററിൽ മാണ്ഡ്യയിൽ നിന്നും സുമലത സ്ഥാനാർത്ഥിയായേക്കും. സുമലത മത്സരിച്ചില്ലെങ്കിൽ അവർ മകന് വേണ്ടി മാണ്ഡ്യ നിയമസഭ സീറ്റ് ബി ജെ പിയോട് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ മാണ്ഡ്യയിൽ ഇത്തവണ പൊടിപാറുന്ന പോരാട്ടമായിരിക്കും നടക്കുകയെന്നാണ് വിലയിരുത്തലുകള്.












Click it and Unblock the Notifications